Congress Election: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കില്ല
അടുത്ത മാസം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്തി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
New Delhi: അടുത്ത മാസം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്തി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
അതേസമയം, അടുത്തിടെ രാജസ്ഥാനില്‍ നടന്ന സംഭവ വികാസങ്ങളില്‍ ഗെഹ്ലോട്ട് സോണിയ ഗാന്ധിയോട് മാപ്പ് ചോദിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇനി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും താന്‍ രാഹുൽ ഗാന്ധിയെ കൊച്ചിയിൽ കണ്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചതായും ഗെഹ്ലോട്ട് പറഞ്ഞു. അദ്ദേഹം അംഗീകരിക്കാത്തപ്പോൾ താൻ മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു, ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
"വൺ-ലൈൻ റെസലൂഷൻ ഞങ്ങളുടെ പാരമ്പര്യമാണ്. നിർഭാഗ്യവശാൽ, പ്രമേയം പാസാക്കാത്ത സാഹചര്യം ഉടലെടുത്തു. ഇത് എന്‍റെ ധാർമിക ഉത്തരവാദിത്തമായിരുന്നു, എന്നാൽ മുഖ്യമന്ത്രിയായിരുന്നിട്ടും പ്രമേയം പാസാക്കാൻ എനിക്ക് കഴിഞ്ഞില്ല," രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സോണിയാ ഗാന്ധിയെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജസ്ഥാനില്‍ അടുത്തിടെ നടന്ന സംഭവവികാസങ്ങളെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിയായി തുടരുമോയെന്ന ചോദ്യത്തിന്. ഇത് താൻ തീരുമാനിക്കില്ലെന്നും, കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് സോണിയ ഗാന്ധിയോട് മാപ്പ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലേയ്ക്ക് സോണിയ ഗാന്ധിയുടെ മുന്നില്‍ പ്രഥമ പരിഗണന അശോക് ഗെലോട്ടിനായിരുന്നു. കൂടാതെ, ഗെഹ്ലോട്ട് ഈ പദവിയിലേയ്ക്ക് ഏക പക്ഷീയമായി തിരഞ്ഞെടുക്കപ്പെടണം എന്നും സോണിയ ഗാന്ധി ആഗ്രഹിച്ചിരുന്നു. അതിനു കാരണങ്ങള്‍ പലതാണ്, പാര്‍ട്ടിയുടെ വിശ്വസ്തനായ മുതിര്‍ന്ന നേതാവ് എന്നതിലുപരി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് എതിര്‍ പാര്‍ട്ടികള്‍ പോലും അംഗീകരിയ്ക്കുന്ന ഒന്നാണ്. കൂടാതെ, വരും കാലങ്ങളില്‍ BJPയുടെ തന്ത്രങ്ങളെ നേരിടാന്‍ അശോക് ഗെലോട്ടിനെപ്പോലെയുള്ള ശക്തനായ നേതാക്കള്‍ക്കേ കഴിയൂ എന്നുമായിരുന്നു വിലയിരുത്തല്‍.
കഴിഞ്ഞ 21 നാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രസ്താവിച്ചത്. ഇതോടെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
"ഒരു വ്യക്തി, ഒരു പദവി" എന്ന നയത്തിൽ ഉന്നത നേതൃത്വം നിലകൊള്ളുന്നതിനാൽ, അശോക് ഗെഹ്ലോട്ടിന് കോൺഗ്രസ് അദ്ധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ, രണ്ടു പദവികളും നിലനിർത്താനുള്ള ചരട് വലികളാണ് അദ്ദേഹം നടത്തിയത്.
ഇത് രാജസ്ഥാനിൽ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിതെളിച്ചു. ഈ സംഭവ വികാസങ്ങള്‍ പിന്നീട് ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്നും പിന്‍മാറുന്നതിനും വഴിതെളിച്ചു.
അശോക് ഗെഹ്ലോട്ട് നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
നിലവില്‍ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ദിഗ്‌വിജയ സിംഗ്, ശശി തരൂര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...