ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ മഖന്‍ ലാല്‍ ഫത്തേദാര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ചാണക്യന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇന്ദിര ഗാന്ധിയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. അദ്ദേഹം 1980 മുതല്‍ 84വരെ ഇന്ദിരഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 


കേന്ദ്രമന്ത്രി സഭയില്‍ ചേരുന്നതിന് മുമ്പ് മൂന്നു വര്‍ഷം അദ്ദേഹം രാജീവ് ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


ജന്മം കൊണ്ട് കാശ്മീരിയായ അദ്ദേഹം നെഹ്രുവിന്‍റെ കാലം മുതലേ കോണ്‍ഗ്രസ്സില്‍ ആകൃഷ്ടനായിരുന്നു. കാലക്രമേണ അദ്ദേഹം പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുകയും പാര്‍ട്ടിയിലെ തന്നെ വളരെ ശക്തനായ നേതാവായിതീരുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം ദേശീയ ശ്രദ്ധ നേടിയിരുന്നു.


കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റിയുടെ സ്ഥിരാംഗത്വമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.      


രാജ്യസഭ എംപിയായിരുന്നു. ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു . ദി ചിനാര്‍ ലീവ്‌സ് എന്ന അദ്ദേഹത്തിന്‍റെ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


ഫത്തേദാറിന്‍റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചിച്ചു.