ചെന്നൈ: കൊറോണ വൈറസ് ബാധ സംശയിക്കുന്ന 'പൂച്ച' വീണ്ടും വാര്‍ത്തയാകുന്നു. പൂച്ചയുടെ
നാടുകടത്തല്‍ ഭീഷണിയാണ് വീണ്ടും വിവാദമായി മാറിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റ (PETA, പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമല്‍) പൂച്ചയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടതാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.


ഇറച്ചിക്കും രോമത്തിനുമായി പൂച്ചയെ കൊല്ലുന്ന ചൈനയിലേക്ക് ഇതിനെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെയാണ് സംഘടന രംഗത്തെത്തിയത്. പൂച്ചകള്‍ വഴി കോവിഡ്-19 പകരില്ലെന്നതിന്‍റെ ശാസ്ത്രീയ തെളിവുകളും പേറ്റ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വളര്‍ത്തുമൃഗങ്ങള്‍ വഴി കോവിഡ് 19 പകരാനുള്ള സാധ്യത അമേരിക്കന്‍ വെറ്റിനറി മെഡിക്കല്‍ അസോസിയേഷനും തള്ളിക്കളഞ്ഞിട്ടുണ്ട്.


കൂടാതെ, ചെന്നൈ തുറമുഖത്തുള്ള പൂച്ച ചൈനയില്‍ നിന്നുതന്നെ എത്തിയതാണോ എന്ന സംശയവും പേറ്റ മുന്നോട്ടുവച്ചു. 10-20 ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പൂച്ച ജീവിച്ചു എന്നത് വിശ്വസനീയമല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.


ചൈനയില്‍ നിന്ന് തുറമുഖം വിട്ട കപ്പല്‍ സിംഗപ്പൂര്‍, കൊള൦ബോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചരക്ക് കയറ്റിയിറക്കാനായി കണ്ടെയ്നര്‍ തുറക്കാറുണ്ട്. ഇവിടങ്ങളില്‍ നിന്ന് പൂച്ച കണ്ടെയ്നറില്‍ കയറിപ്പറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പേറ്റ പറയുന്നു.


ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന പൂച്ച യഥാര്‍ത്ഥത്തില്‍ 20 ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ നിന്ന് വന്ന ഒരു കണ്ടെയ്നറിലാണ് ചെന്നൈ തുറമുഖത്തെത്തിയത്.


പൂച്ചകളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ചൈന പോലൊരു രാജ്യത്തേക്ക് 'അതിനെ'  തിരിച്ചയച്ചാല്‍ വലിയ "ക്രുരത" നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയ ഇവര്‍ പൂച്ചയ്ക്ക് സ്ഥിരമായ ഒരു സംരക്ഷണം ഉറപ്പാക്കാമെന്നും അറിയിച്ചു.