കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിലെ ആരോഗ്യ സംവിധാനം പ്രതിസന്ധിയിൽ
ഓക്സിജൻ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കളും മരുന്നും ഇല്ലാത്തത് ആശങ്ക വർധിപ്പിക്കുകയാണ്
ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായി. ഓക്സിജൻ (Oxygen) ക്ഷാമത്തിന് പുറമെ ഐസിയു കിടക്കളും മരുന്നും ഇല്ലാത്തത് ആശങ്ക വർധിപ്പിക്കുകയാണ്. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് പൊരിവെയിലത്ത് ചികിത്സയ്ക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ് കൊവിഡ് (Covid) രോഗികൾ. ഡൽഹിയിലെ മിക്ക ആശുപത്രികളിലും കൊവിഡ് ലക്ഷണങ്ങളോട ചികിത്സ തേടിയെത്തിയ രോഗികൾ ആംബുലൻസിനുള്ളിൽ തന്നെ ആശുപത്രിക്ക് പുറത്ത് കാത്തുകിടക്കുകയാണ്.
അതേസമയം, രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ഏത് സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ALSO READ:വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണം നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അതേസമയം, രാജ്യത്ത് കോവിഡ് (Covid 19) രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിദിന കണക്കുകൾ കഴിഞ്ഞ ദിവസം മൂന്ന് ലക്ഷം കടന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1.59 കോടി പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 2104 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ, ആശുപത്രി കിടക്കകൾ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗായ റംഡിസിവിർ (Remidisivir) എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. ഇതുവരെ 1.84 ലക്ഷം ആളുകൾ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് 2,97,430 ആണ്. ഇതിനെ കടത്തി വെട്ടി കൊണ്ടാണ് രാജ്യത്ത് 24 മണിക്കൂറിൽ 3.14 ലക്ഷം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ഓക്സിജന്റെ ആവശ്യകത അടിയന്തരമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ഇന്നലെ അറിയിച്ചിരുന്നു.
കോവിഡ് രോഗബാധ അതിരൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ നൽകുന്നതിന്റെ അളവ് വർധിപ്പിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഹരിയാന, പഞ്ചാബ്, ആന്ധ്ര പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ഓക്സിജൻ അനുവദിച്ചിട്ടുള്ളത്. കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ALSO READ: മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം- കൊവിഡ് ചികിത്സയിലിരുന്ന 13 പേർ മരിച്ചു
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 67,468 പേർക്കാണ്. കൂടാതെ സംസ്ഥാനത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണവും റെക്കോർഡിലേക്ക് കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 568 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. നേരത്തെ ബ്രസീലായിരുന്നു രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്ന രാജ്യം അമേരിക്കയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.