India Covid Update : രാജ്യത്ത് വീണ്ടും കോവിഡ് ഭീഷണി; തുടർച്ചയായി രണ്ടാം ദിവസവും കേസുകൾ രണ്ടായിരത്തിന് മുകളിൽ
നിലവിൽ 13,433 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
New Delhi : രാജ്യത്ത് വീണ്ടും കോവിഡ് ഭീതി ഉയരുകയാണ്. തുടർച്ചയായി രണ്ടു ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് കണക്കുകൾ 2000 ത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,308 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 13,433 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഇതുകൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 56 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
നിലവിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് ഡൽഹിയിലാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,009 പേർക്കായിരുന്നു. ഫെബ്രുവരി 10 ന് ശേഷം ഡൽഹിയിലുണ്ടാകുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണിത്. നിലവിൽ ഡൽഹിയിലെ റ്റെസ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമാണ്.
ALSO READ: രാജ്യത്ത് കോവിഡ് വീണ്ടും കുതിക്കുന്നു; ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,009 പേര്‍ക്ക് രോഗബാധ
ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍, കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാനും കോവിഡ് ആശങ്ക നിലനില്‍ക്കുന്ന മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു.
നിരവധി സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനു പിന്നാലെ ഇന്ത്യയിൽ രോഗബാധ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികൾ കൈക്കൊള്ളാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് കേരളത്തിന് അയച്ച കത്തിൽ, മുൻകരുതൽ നടപടികൾ നിലനിർത്തേണ്ടത്തിന്റെ ആവശ്യകതയും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനം കോവിഡ് കണക്കുകള്‍ എല്ലാ ദിവസവും കൃത്യമായി കേന്ദ്രത്തിന് നല്‍കിയിരുന്നു. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കോവിഡ് കണക്കുകള്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഡിജിറ്റല്‍ തെളിവുകള്‍ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങള്‍ അറ്റാച്ച് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി നൽകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.