Delta വകഭേദത്തിനെതിരെ കൊവിഷീൽഡിന്റെ ഒറ്റഡോസ് 61 ശതമാനം ഫലപ്രദമെന്ന് കൊവിഡ് പാനൽ അധ്യക്ഷൻ
കൊവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും രണ്ട് ഡോസ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനം ആകുമെന്നും കണ്ടെത്തിയെന്ന് അറോറ വ്യക്തമാക്കുന്നു
ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിന്റെ ഒരു ഡോസ് ഡെൽറ്റ വകഭേദത്തിനെതിരെ (Delta varient) 61 ശതമാനം ഫലപ്രദമാണെന്ന് കൊവിഡ് പാനൽ അധ്യക്ഷൻ ഡോ.എൻകെ അറോറ. ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ കൊവിഷീൽഡിന്റെ (Covishield) ഒറ്റഡോസ് ഫലപ്രദമാണെന്നാണ് അറോറ അഭിപ്രായപ്പെട്ടത്.
വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഗവേഷണ സംഘം നടത്തിയ പഠനത്തിൽ കൊവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും രണ്ട് ഡോസ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനം ആകുമെന്നും കണ്ടെത്തിയെന്ന് അറോറ വ്യക്തമാക്കുന്നു. ഗുരുതരമായ രോഗം, ആശുപത്രി വാസം, മരണം എന്നിവയിൽ നിന്ന് കൊവിഷീൽഡിന്റെയോ കൊവാക്സിന്റെയോ (Covaxin) ഒറ്റ ഡോസ് അല്ലെങ്കിൽ രണ്ട് ഡോസ് എടുത്തവർക്കുള്ള സുരക്ഷ സമാനമാണെന്നും അറോറ പറയുന്നു.
അതേസമയം, കൊവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള ചില വിഭാഗങ്ങൾക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ (Central government) ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. യുകെയിൽ നടന്ന പഠനങ്ങളിൽ വാക്സിനേഷന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നത് ഡെൽറ്റ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
കൊവിഷീൽഡും കൊവാക്സിനും ഇന്ത്യയിൽ വിതരണം തുടങ്ങിയപ്പോൾ രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്കും എട്ട് ആഴ്ചയ്ക്കും ഇടയിൽ സ്വീകരിക്കണമെന്നായിരുന്നു നിർദേശം. പിന്നീട് കൊവിഷീൽഡിന് ഈ ഇടവേള 12 മുതൽ 16 വരെ ആഴ്ചയാക്കി മാറ്റി. യുകെയിൽ 50 വയസിന് മുകളിലുള്ളവരുടെ ഇടവേള 12ൽ നിന്ന് എട്ട് ആഴ്ചയാക്കി കുറച്ചിരുന്നു. കഴിഞ്ഞ ദിവസം യുകെയിൽ നാൽപ്പതിന് വയസിന് മുകളിലുള്ളവർക്കും എട്ട് ആഴ്ചയാക്കി രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചിരുന്നു.
കൊവിഷീൽഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കൊവിഡ് വന്നാലും 91 ശതമാനത്തിനും ആശുപത്രി ചികിത്സ വേണ്ടി വരുന്നില്ലെന്ന പഠനവും യുകെ പുറത്ത് വിട്ടു. ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് 71 ശതമാനമാണ് ആശുപത്രി വാസം ഒഴിവാകാനുള്ള സാധ്യത. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA