Covid third wave ഓഗസ്റ്റിൽ ഉണ്ടാകുമെന്ന് ഐസിഎംആർ
ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം പടർന്ന് പിടിച്ചേക്കുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകുന്നത്
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റിൽ ഉണ്ടാകുമെന്ന് ഐസിഎംആർ. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം പടർന്ന് പിടിച്ചേക്കുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ മൂന്നാംതരംഗം രണ്ടാംതരംഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നാണ് ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം മേധാവി ഡോ.സമീരൻ പാണ്ഡ വ്യക്തമാക്കിയത്.
ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ ജനങ്ങളാർജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, മൂന്നാംതരംഗത്തിന് ഒരു കാരണമാകാം. പ്രതിരോധശേഷി കുറഞ്ഞാൽ, മൂന്നാം തരംഗമുണ്ടായേക്കാമെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ ആർജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടർന്നു പിടിക്കുന്നതും മൂന്നാംതരംഗത്തിലേക്ക് നയിക്കും. പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും വ്യാപകമായി പടർന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കിൽ മൂന്നാം തരംഗം സംഭവിക്കാം.
സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നേരത്തേ പിൻവലിക്കുകയാണെങ്കിൽ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ നാല് സാധ്യതകളാണ് അദ്ദേഹം മൂന്നാം തരംഗം സംഭവിക്കാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടുന്നത്. ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്നുപിടിച്ച് കഴിഞ്ഞു. ഇതിൽക്കൂടുതൽ വ്യാപനം ഡെൽറ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നും സമീരൻ പാണ്ഡ വ്യക്തമാക്കി.
ലോകത്ത് കൊവിഡിന്റെ മൂന്നാംതരംഗം ആരംഭിച്ചതായി കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മൂന്നാംതരംഗത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാംതരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഡെൽറ്റ വകഭേദം 11 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകമെമ്പാടും വ്യാപിക്കുമെന്നാണ് നിഗമനം. അല്ലെങ്കിൽ മൂന്നാം തരംഗം ആരംഭിച്ച് കഴിഞ്ഞുവെന്നും ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ വ്യാപന ശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകാം. യൂറോപ്പിലും വടക്കൻ അമേരിക്കയിലും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉയർത്തിയത് കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന് കാരണമായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാൽ ആഗോള തലത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണ്. കൊവിഡ് വാക്സിന്റെ കാര്യത്തിൽ ആഗോളതലത്തിൽ വലിയ അസമത്വം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA