പശുക്കള്‍ ഹിന്ദുക്കള്‍, ചത്താല്‍ കുഴിച്ചിടരുത്, അത് മുസ്ലീങ്ങളുടെ രീതി...!!
ബിജെപി നേതാക്കളുടെ പശുക്കളെ സംബന്ധിച്ച പ്രസ്താവനകള്‍ എന്നും വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. പശുവിന്‍റെ മഹാത്മ്യം വിളിച്ചോതി നേതാക്കള്‍ രംഗത്തെത്തുക പതിവാണ്.
ലഖ്‌നൗ: ബിജെപി നേതാക്കളുടെ പശുക്കളെ സംബന്ധിച്ച പ്രസ്താവനകള്‍ എന്നും വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. പശുവിന്‍റെ മഹാത്മ്യം വിളിച്ചോതി നേതാക്കള്‍ രംഗത്തെത്തുക പതിവാണ്.
ഇപ്പൊഴിതാ പശുവിനെ സംബന്ധിച്ച പുതിയ വിവരവുമായി എത്തിയിരിയ്ക്കുകയാണ് ഉത്തര്‍ പ്രദേശില്‍നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ. ബാരാബങ്കി മുന്‍ മുനിസിപ്പല്‍ ചെയര്‍മാനാണ് ഇദ്ദേഹം.
പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ കുഴിച്ചിടരുതെന്നും കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.
"പശുക്കള്‍ ഹിന്ദുക്കളാണ്, അവ ചത്താല്‍ കുഴിച്ചിടരുത്, കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണ്. പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയാണ് വേണ്ടത്. ഇതിനായി വൈദ്യുതി ശ്മശാനം തയ്യാറാക്കണം", രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞദിവസം ചേര്‍ന്ന മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗത്തിലായിരുന്നു നിലവിലെ നഗരസഭാധ്യക്ഷയുടെ ഭര്‍ത്താവ് കൂടിയായ രഞ്ജിത് ശ്രീവാസ്തവ ഇക്കാര്യം വ്യക്തമാക്കിയത്.
മാത്രമല്ല, പശുക്കള്‍ ചത്താല്‍ നിര്‍ബന്ധമായും ഹിന്ദു ആചാരപ്രകാരമായിരിക്കണം സംസ്‌കാരം നടത്തേണ്ടതെന്നും, പശുക്കള്‍ക്കായുള്ള വൈദ്യുത ശ്മശാനം നിര്‍മിക്കാനുള്ള അനുമതി ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ വ്യക്തമാക്കി. ഇക്കാര്യ൦ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിജന്‍ ശ്വസിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ഏക ജീവി പശുവാണെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.