CPM Central committee: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ; കോൺഗ്രസ് സഹകരണവും കർഷക സമരവും ചർച്ചയാകും
കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയില്‍ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി (CPM Central committee) യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മൂന്ന് ദിവസമാണ് കേന്ദ്ര കമ്മിറ്റി യോഗം. പാർട്ടി കോൺഗ്രസിൽ (Party congress) അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകാനും കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച നയം തീരുമാനിക്കുന്നതിനുമാണ് യോഗം ചേരുന്നത്.
കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയില്‍ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഇടത് മതേതര ചേരി നയിക്കുന്ന സഖ്യം വേണമെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. കോണ്‍ഗ്രസ് വര്‍ഗീയതയെ ചെറുക്കുന്നതില്‍ പരാജയപ്പെടുന്നു എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം പ്രായോഗികമല്ലെന്നാണ് ബംഗാള്‍ ഘടകം വ്യക്തമാക്കുന്നത്. ദേശീയ സാഹചര്യവും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വ്യത്യസ്തമാണെന്നാണ് ബംഗാള്‍ നേതാക്കളുടെ നിലപാട്.
ഇതിനെ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോ ഈ വിഷയം കേന്ദ്രകമ്മിറ്റിക്ക് വിട്ടത്. പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുകയാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകും. കർഷക സമരം, ഇന്ധന വിലക്കയറ്റം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...