സംഘപരിവാർ, ബിജെപി അക്രമങ്ങൾക്കെതിരേ സിപിഎം പ്രതിഷേധം 9 ന്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തെ പരീക്ഷണശാലയാക്കി മാറ്റുകയാണ് ആർഎസ്എസും ബിജെപിയും ചെയ്യുന്നത് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തെ പരീക്ഷണശാലയാക്കി മാറ്റുകയാണ് ആർഎസ്എസും ബിജെപിയും ചെയ്യുന്നത് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ബി ജെ പിയുടെ ഈ നീക്കത്തിനെതിരെ സിപിഎം. തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെയും ബിജെപിയുടെയും ദുഷ്പ്രചാരണങ്ങൾ തുറന്നുകാട്ടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ പരാജയങ്ങൾ മറച്ചുവയ്ക്കുന്നതിനായാണ് ആർഎസ്എസും ബിജെപിയും കേരളത്തിനെതിരേ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ഈ ആരോപണങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മൊത്തത്തിൽ മോദി സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നോട്ടു നിരോധനവും ജിഎസ്ടിയും പലവിധ തിരിച്ചടികൾ നൽകി. മൊത്തത്തിൽ ജനവികാരം സർക്കാരിനെതിരാണ്. വിവിധ സ്ഥലങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കർഷക സമരങ്ങൾ തന്നെ ഇതിന് ഉദാഹരണമാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാൻ ആർഎസ്എസും ബിജെപിയും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അക്രമം വ്യാപകമാണെന്ന വ്യാജപ്രചാരണം നടത്തുകയാണെന്ന് യെച്ചൂരി ആരോപിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെയുള്ളവർ കേരളത്തിലെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങൾ നോക്കി മനസിലാക്കി പഠിക്കുകയാണു വേണ്ട തെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിൽ സിപിഎം ഏകപക്ഷീയമായി ആക്രമണം നടത്തുകയാണെന്ന് ആരോപിച്ചു ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഇന്നലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്കു മാർച്ച് നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, വിജയ് ഗോയൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ ശ്യാൻ ഝാൻജു, സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി എന്നിവർ മാർച്ചിനു നേതൃത്വം നൽകിയിരുന്നു.
പക്ഷെ എകെജി ഭവന്റെ അരക്കിലോമീറ്റർ ദൂരത്തു വച്ചുതന്നെ മാർച്ച് പോലീസ് തടഞ്ഞു. കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങളിൽ സിപിഎം അംഗങ്ങൾ കൊല്ലപ്പെട്ടതായി വിശദീകരിക്കുന്ന കണക്കുകൾ കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ഗോയൽ പറഞ്ഞത്. ആർഎസ്എസ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ സിപിഎം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരുടെ ചിത്രങ്ങൾ എകെജി ഭവനു മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
ബിജെപി പ്രവർത്തകർ ഈ മാസം 17 വരെ സിപിഎം ഓഫീസിലേക്ക് മാർച്ചു നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.