Virendar Sehwag: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും; വീരേന്ദർ സെവാഗ്
ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വീരേന്ദർ സെവാഗ്.
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗ്. ഷാലിമാർ-ചെന്നൈ കോറോമണ്ടൽ എക്‌സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ്, ഗുഡ്‌സ് ട്രെയിൻ എന്നീ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം താൻ നൽകാം എന്ന് സെവാഗ് ട്വിറ്ററിൽ കുറിച്ചു.
“ഈ ചിത്രം വളരെക്കാലം നമ്മെ വേട്ടയാടും. ഈ ദു:ഖസമയത്ത്, ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. സെവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യത്തിൽ ആ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു - വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു.
നിരവധി പേരാണ് സെവാഗിനെ പ്രശംസിച്ച് രംഗത്തെത്തിയത്. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയവരെ പ്രശംസിച്ചും സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ കമ്മീഷനെ നിയമിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന വ്യക്തത വരുത്തിയിരുന്നു. അപകടത്തിൽ 288 മരിച്ചുവെന്നായിരുന്നു ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഔദ്യോഗിക കണക്കുപ്രകാരം 275 ആണ് മരണസംഖ്യയെന്ന് പ്രദീപ് ജെന വ്യക്തമാക്കി. മൃതദേഹങ്ങളിൽ ചിലത് സംഭവസ്ഥലത്തും ആശുപത്രിയിലും രണ്ടുതവണ എണ്ണിയതിനാലാണ് 288 എന്ന കണക്ക് അപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, ജില്ലാ കളക്ടറുടെ വിശദമായ പരിശോധനയ്ക്കും റിപ്പോർട്ടിനും ശേഷമുള്ള കണക്ക് പ്രകാരം 275 പേരാണ് അപകടത്തിൽ മരിച്ചതെന്ന് ജെന പറഞ്ഞു.
Also Read: Odisha Train Accident: ഒഡീഷ ദുരന്തം അന്വേഷിക്കാൻ വിദഗ്ധ കമ്മീഷനെ നിയമിക്കണം; സുപ്രീംകോടതിയിൽ ഹർജി
275ൽ 78 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങൾക്ക് കൈമാറി. 10 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയായതായും ജെന പറഞ്ഞു. ഇതുവരെ 170 മൃതദേഹങ്ങൾ ബാലസോറിൽ നിന്ന് ഭുവനേശ്വറിലേക്ക് മാറ്റി. 17 എണ്ണം കൂടി ഇവിടേക്ക് മാറ്റും. മൃതദേഹങ്ങൾ കൃത്യമായി തിരിച്ചറിയുക എന്നതാണ് ഇപ്പോൾ അധികൃതർ നേരിടുന്ന വെല്ലുവിളി. ആളുകളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിൾ നടത്തുകയും മരിച്ചവരുടെ ഫോട്ടോകൾ www.osdma.org, www.srcodisha.nic.in, www.bmc.gov.in എന്നീ മൂന്ന് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുമെന്നും ജെന അറിയിച്ചു.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സഹായമായി ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഡീഷ സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...