ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തെത്തുടർന്ന് അസം ബിജെപിയില്‍ പൊട്ടിത്തെറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൗരത്വ ഭേദഗതി നിയമത്തുടര്‍ന്ന് അസമിലുണ്ടായ പ്രതിസന്ധിയില്‍ കുരുങ്ങിയത് സംസ്ഥനത്തെ ബിജെപി നേതാക്കളാണ്. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ബിജെപി നേതാക്കളെന്നാണ് റിപ്പോര്‍ട്ട്.


ജനകീയ പ്രക്ഷോഭം കാരണം പുറത്തിറങ്ങാന്‍ വയ്യെന്നും, എന്നാല്‍ ഈ പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും, ആവശ്യമെങ്കില്‍ തങ്ങള്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞതായാണ് സൂചന.  


ഈ വിഷയത്തിന്‍റെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാളിനെ സന്ദര്‍ശിച്ചു. 


അസമിന്‍റെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ജനങ്ങളെ അറിയിക്കണമെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പത്മ ഹസാരികയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. അസം ജനതയെ എങ്ങനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പത്മ ഹസാരിക പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.


എന്നാല്‍ അസമിലെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനായി മറ്റ് മാര്‍ഗങ്ങളുണ്ട്. സിഎഎ പാര്‍ട്ടിയുടെ നയമാണെന്നും അത് നിരസിക്കാനുള്ള അവകാശം എനിക്കില്ലെന്നും അറിഞ്ഞുകൊണ്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്നും ഞാന്‍ പാര്‍ട്ടി വിട്ടാല്‍ നിയമം റദ്ദാക്കുമെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണ് എന്നും ഹസാരിക പറഞ്ഞു.


അതേസമയം, പൗരത്വ നിയമ ഭേദഗതി എന്നത് ബിജെപിയുടെ നയമാണെന്നും അതിനെതിരായി നീങ്ങാനാകില്ലെന്നും എം.എല്‍.എമാര്‍ പറഞ്ഞു.


'അസമിലെ ജനങ്ങള്‍ ഭയത്തിലാണ്, ഞങ്ങളും. പ്രതിഷേധം ആരംഭിച്ച് എട്ട് ദിവസമായി. ഞങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല,' ദിബ്രുഗഢില്‍ നിന്നുള്ള ബിജെപി നിയമസഭാംഗം പ്രശാന്ത ഫുകാന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ  വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.  


പൗരത്വ ഭേദഗതി നിയമത്തിനും NRCയ്ക്കുമെതിരെ വന്‍ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. 


പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ പാര്‍ട്ടിയില്‍ വലിയ ഭിന്നത ഉടലെടുത്തിരുന്നു.