ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ചിത്രശലഭമെന്നാണ് പാകിസ്താന്‍ നല്‍കിയ ഈ പേരിന്‍റെ അര്‍ഥം. ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. ഒഡിഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 


ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് 720 കിലോമീറ്റര്‍ കിഴക്ക് നിലകൊള്ളുന്ന ന്യൂനമര്‍ദം തീവ്രരൂപം പ്രാപിച്ചാണ് ബുധനാഴ്ചയോടെ ചുഴലിയായി മാറുകയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇത് ഒഡീഷ തീരത്തേക്കു കയറും. ഒരേ സമയം രണ്ട് ചുഴലികള്‍ക്കിടയില്‍പെട്ടതോടെ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതല്‍ വെല്ലുവിളിയായി മാറിയെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.