കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതിയ്ക്ക് അംഗീകാരം നല്കി കേന്ദ്ര മന്തിസഭ
പോക്സോ ഭേദഗതിയ്ക്ക് കേന്ദ്ര മന്തിസഭ അംഗീകാരം നല്കി. പുതിയ നിയമ ഭേദഗതി അനുസരിച്ച് 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ.
ന്യൂഡല്‍ഹി: പോക്സോ ഭേദഗതിയ്ക്ക് കേന്ദ്ര മന്തിസഭ അംഗീകാരം നല്കി. പുതിയ നിയമ ഭേദഗതി അനുസരിച്ച് 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ.
കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ (The Protection of Children from Sexual Offences- POCSO Act) നിയമം നടപ്പില്‍ വരുത്തുന്നത്. ഈ നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. നിലവില്‍ പോക്സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ക്ക് കുറഞ്ഞത് 7വര്‍ഷവും കൂടിയത് ജീവപര്യന്തം ശിക്ഷയുമാണ് നിര്‍ദേശിക്കുന്നത്. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയത്.
ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഈ ഓര്‍ഡിനന്‍സ് ഇനി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. ഭേദഗതിയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും.
ബാല പീഡകര്‍ക്ക് വധശിക്ഷ നല്കാന് നിയമഭേദഗതിക്കായി മന്ത്രിസഭയില്‍ നിര്‍ശേദം വെക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞിരുന്നു.
കത്വയിലെയും ഉന്നാവോ പീഡനകേസുമായി ബന്ധപ്പെട്ട് അതിശക്തമായ ജനരോക്ഷമാണ് സര്‍ക്കാരിനെ നിയമഭേദഗതി കൊണ്ടുവരാന്‍ പ്രേരിപ്പിച്ച മുഖ്യ ഘടകം.
കത്വ പീഡനം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് വലിയ മാനക്കേട് ഉണ്ടാക്കിയെന്ന് പറയാതെ തരമില്ല. അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റിന ലഗാര്‍ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥയില്‍ പ്രധാനമന്ത്രി മുതല്‍ എല്ലാ അധികാരികളും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞിരുന്നു.