ഹൈദരാബാദ്: എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ കാഞ്ച ഏലയ്യയ്ക്ക് വധഭീഷണി. 'വൈശ്യാസ് ആർ സോഷ്യൽ സ്മഗളേഴ്സ്' (Vysyas are social smugglers) എന്ന വിവാദ പുസ്തകത്തിന്റെ  പേരിലാണ് അജ്ഞാതർ കാഞ്ച ഏലയ്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാക്ക് അരിഞ്ഞു കളയും എന്ന് ഭീഷണിപ്പെടുത്തി കൊണ്ട് ഞായറാഴ്ച രാവിലെ മുതൽ ഫോൺ വിളികൾ വരുന്നതായി കാണിച്ച് അദ്ദേഹം പോലീസിൽ പരാതി നൽകി. 


വിവാദപുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും അതിലെ പരാമര്‍ശങ്ങൾ തങ്ങളുടെ സമുദായത്തെ ആക്ഷേപിക്കുന്നതാണെന്നും പറഞ്ഞ് വൈശ്യ അസോസിയേഷന്‍ പുസ്തകത്തിനെതിരെ  പോലീസില്‍ പരാതി നൽകിയിരുന്നു. എന്നാൽ പുസ്തകം പിൻവലിക്കാൻ കാഞ്ച ഏലയ്യ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഫോണിൽ വധഭീഷണി ലഭിച്ചു തുടങ്ങിയതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. 


ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യ വൈശ്യ സംഘത്തിന്റെ നേതാവ് വിവാദ പുസ്തകം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. കൂടാതെ തെരുവിൽ എഴുത്തുകാരന്റെ കോലം കത്തിയ്ക്കുകയും ചെയ്തു. 


ഇത്തരം സംഭവങ്ങൾ തന്നെ ഭയപ്പെടുത്തുവെന്നും പോലീസ് സംരംക്ഷണം വേണമെന്നും കാഞ്ച ഏലയ്യ പരാതിയിൽ പറയുന്നു. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും പരാതിയിൽ എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നു.