ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കാനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഴുതില്ലാത്ത പ്രചാരണ പരിപാടിയ്ക്കാണ് ബിജെപി നേതൃത്വം തയ്യാറെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ പാര്‍ട്ടി പ്രത്യേക തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. 


15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ എല്ലാ എംപിമാരും മറ്റ് മുതിര്‍ന്ന നേതാക്കളും ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ്‌ തിവാരിയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍.  ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ചുക്കാന്‍ ഇവരുടെ കൈകളില്‍ ഭദ്ര൦.  


എന്നാല്‍, ഇതോടൊപ്പം തന്നെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പ്രചാരണ രംഗത്ത് സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍  ജെ പി നദ്ദ തുടങ്ങിയവരും നിയമ സഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവ സാന്നിധ്യമായിരിക്കും.  


പൗരത്വ ഭേദഗതി നിയമം രാജ്യത്താകമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിയ്ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ വിജയം പാര്‍ട്ടിയ്ക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വിശ്വാസം കൈയിലെടുക്കാന്‍ വ്യത്യസ്ത പ്രചാരണ പരിപാടികള്‍ക്കാണ് ഇത്തവണ ബിജെപി പദ്ധതിയിടുന്നത്. 


അമിത് ഷായുടെയും നദ്ദയുടെയും നേതൃത്വത്തില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണ പരിപാടികളില്‍ ഇവര്‍ പങ്കെടുക്കും. അമിത് ഷായും നദ്ദയും നയിക്കുന്ന പദയാത്രകള്‍ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. ഡല്‍ഹിയിലെ ജനങ്ങളുമായി കൂടുതല്‍ സംവദിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് പാര്‍ട്ടി പദയാത്രയിലൂടെ ഉദ്ദേശിക്കുന്നത്. 


ജനുവരി 23, 24 തിയതികളിലാണ് പദയാത്ര നടക്കുക. എല്ലാ കേന്ദ്ര മന്ത്രിമാരും പദയാത്രയില്‍ പങ്കെടുക്കും. 2 ദിവസങ്ങളിലായി 280 ഗ്രൂപ്പ് മീറ്റിംഗുകളും പാര്‍ട്ടി നടത്തുന്നുണ്ട്. കൂടാതെ, യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് യൂത്ത് സമ്മേളനവും, മഹിളകളെ ഉള്‍പ്പെടുത്തി 'മഹിളാ സമ്മേളനവും' പാര്‍ട്ടി നടത്തു൦. ഇതിലൂടെ പഴുതടച്ച പ്രചാരണ പരിപാടിയാണ് പാര്‍ട്ടി നടപ്പിലാക്കുന്നത്. 


കൂടാതെ, പ്രചാരണ വേദികളില്‍ കേന്ദ്ര സര്‍ക്കാര്‍ നപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍ക്കാനും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 


ഒപ്പം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കാള്‍ സ്ഥാനാര്‍ഥികളുമായി ദിവസവും സംവദിക്കും, പോരായ്മകള്‍ പരിഹരിച്ച് മുന്നേറുക, ഡല്‍ഹിയില്‍ അധികാരം ഉറപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് പാര്‍ട്ടിയ്ക്ക് മുന്‍പില്‍.. 


ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 11ന് വോട്ടെണ്ണല്‍ നടക്കു൦.