ന്യൂഡല്‍ഹി:  ലഫ്റ്റന്‍റ് ഗവർണറുടെ ഓഫീസിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മന്ത്രിമാരില്‍ ഒരാളായ സത്യേന്ദ്ര ജയിന്‍ നിരാഹാര സമരമാണ് നടത്തുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സത്യേന്ദ ജെയിന്‍, മനീഷ് സിസോദിയ, ഗോപാല്‍ റായ് എന്നീവരാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്‍റെ വസതയിലെ കാത്തിരിപ്പു മുറിയില്‍ പ്രതിഷേധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. എന്നാല്‍ ഇവരുമായി കൂടിക്കാഴ്ച നടത്താൻ പോലും ഗവര്‍ണ്ണർ അനില്‍ ബൈജാല്‍ തയ്യാറായിട്ടില്ല. ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും വികസനത്തിനും വേണ്ടി തങ്ങള്‍ എന്ത് സമരം ചെയ്യാനും തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ പറഞ്ഞു. 


തിങ്കളാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ആവശ്യമുന്നയിച്ചതിനു ശേഷമാണ് ഗവര്‍ണറുടെ വസതിയിലെ സന്ദര്‍ശക മുറിയില്‍ പ്രതിഷേധം ആരംഭിച്ചത്. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തന്‍റെ  ആവശ്യങ്ങള്‍ ഗവര്‍ണര്‍ അംഗീകരിച്ച്‌ ഒപ്പുവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ഈ സാഹചര്യത്തിൽ സമരം ശക്തിപ്പെടുത്താനാണ് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ തീരുമാനം. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ഗവർണ്ണറുടെ ഓഫീസിലേക്ക് പ്രവർത്തകര്‍ ഇന്ന് പ്രകടനം നടത്തും. ജനങ്ങള്‍ ഏല്‍പ്പിച്ച  ജോലി ചെയ്യാതെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് സർക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി പ്രതികരിച്ചു.