Delhi dengue cases | ഡൽഹിയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 7000ൽ അധികം പേർക്ക്
നവംബറിൽ മാത്രം 5,600 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂഡൽഹി: ഡൽഹിയിൽ (Delhi) ഈ വർഷം 7,100-ലധികം ആളുകൾക്ക് ഡെങ്കിപ്പനി (Dengue fever) ബാധിച്ചതായി റിപ്പോർട്ട്. നവംബറിൽ മാത്രം 5,600 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നവംബർ 15 ന് ഡൽഹിയിൽ 5,277 ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തി. 2015 ന് ശേഷം ഒരു വർഷത്തിനിടെ ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അണുബാധയാണിത്. തലസ്ഥാനത്ത് കഴിഞ്ഞ ആഴ്‌ച കുറഞ്ഞത് 1,850 പുതിയ കേസുകളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ 20 വരെ 7,128 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ 2016-ൽ 4,431, 2017-ൽ 4,726, 2018-ൽ 2,798, 2019-ൽ 2,036, 2020-ൽ 1,072 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും സിവിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1996 ന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്ന് പോയ 2015 ഒക്ടോബറിൽ കേസുകളുടെ എണ്ണം 10,600 കടന്നു.
ശൈത്യകാലം വരുന്നതോടെ ഡെങ്കിപ്പനി കുറയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പ്രജനന അളവിലും കൊതുകുകളുടെ സാന്ദ്രതയിലും കുറവുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനോഫിലിസ്, ഈഡിസ് ഈജിപ്തി കൊതുകുകൾ 30 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിലാണ് കൂടുതൽ ഉണ്ടാകുന്നത്. താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമ്പോൾ, അവ തുറസ്സായ സ്ഥലത്ത് സജീവമല്ല, 10 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ ജീവിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞതായി ആശുപത്രികളിലെ കണക്കുകളും വ്യക്തമാക്കുന്നു. മൂന്ന് ആഴ്ച മുൻപ് വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 70-80 ആയിരുന്നത് ഇപ്പോൾ പത്തിൽ താഴെയായി കുറഞ്ഞു. എന്നിരുന്നാലും, അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണമെന്നും ഡെങ്കിപ്പനിക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...