ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നു തന്നെ
തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നുതന്നെ തുടരുമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ താപനിലയും കാറ്റിന്‍റെ അഭാവവും കാരണം ഞായറാഴ്ച അന്തരീക്ഷം വിഷലിപ്തമായിരുന്നു.
ന്യൂഡല്‍ഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നുതന്നെ തുടരുമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ താപനിലയും കാറ്റിന്‍റെ അഭാവവും കാരണം ഞായറാഴ്ച അന്തരീക്ഷം വിഷലിപ്തമായിരുന്നു.
ഞായറാഴ്ച രേഖപ്പെടുത്തിയ മലിനീകരണ സൂചിക 365 ആയിരുന്നു. ശനിയാഴ്ച ഇത് 331 ആയിരുന്നു. ഇതേ നില തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടരുമെന്നാണ് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് റിസേർച്ചിന്റെ (സഫർ) അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസമയം, തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോള്‍ നടപടികൾ സ്വീകരിക്കാതെ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ. മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ഹരിത ട്രൈബ്യൂണൽ പറഞ്ഞു.
ഫിറോസ് ഷാ കോട്ല മൈതാനത്ത് നടന്ന ക്രിക്കറ്റ് ടെസ്റ്റിൽ മാസ്ക്ക് ധരിച്ചായിരുന്നു ശ്രീലങ്കന്‍ ടീം കളിച്ചത്. എന്നിരുന്നാലും കളിയ്ക്കുശേഷം പലര്‍ക്കും തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി പറയുകയുണ്ടായി.
ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും മാറിയതിനാൽ നടപടിയെ കുറിച്ച് വിശദീകരിക്കാൻ കൂടുതല സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മാസങ്ങളായുള്ള വായുമലിനീകരണം ജനങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനിടയാക്കും. ഈ അവസ്ഥ തുടർന്നാൽ ആസ്ത്മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങൾ വ്യാപകമാവാനും സാധ്യതയുണ്ട്.