ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ മെട്രോ ട്രെയിന്‍ അപകടം പാളംതെറ്റി. കല്‍ക്കാജി മന്ദിര്‍ -  ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വരുന്ന ക്രിസ്മസ് ദിനത്തില്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം. ഇതേത്തുടര്‍ന്ന് കാളിന്ദി കുഞ്ജില്‍ മതില്‍ തകര്‍ത്ത് ട്രെയിന്‍ പുറത്തുവന്നെങ്കിലും നിലത്തുവീഴാതിരുന്നത് വന്‍ അപകടമൊഴിവാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡ്രൈവറില്ലാ തീവണ്ടിയാണ് കാളിന്ദി കുഞ്ജ് മെട്രോ ഡിപ്പോയ്ക്കുള്ളില്‍ പാളംതെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡല്‍ഹി മെട്രോ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാളിന്ദി കുഞ്ജ് ഡിപ്പോയുടെ മതില്‍ക്കെട്ടിന് ഉള്ളിലാണ് അപകടം നടന്നത്. സംഭവത്തെപ്പറ്റി ഡല്‍ഹി മെട്രോ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ - ജനക്പുരി വെസ്റ്റ് മെട്രോ പാതയ്ക്ക് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കഴിഞ്ഞ മാസമാണ് സുരക്ഷാ അനുമതി നല്‍കിയത്. ഡ്രൈവര്‍ ആവശ്യമില്ലാത്ത പുത്തന്‍ തലമുറ ട്രെയിനുകളാണ് ഈ സെക്ഷനിലൂടെ ഓടിക്കാന്‍ ലക്ഷ്യമിടുന്നത്.


ഡല്‍ഹിയിലെ ജനകാപുരിയില്‍നിന്നു നോയിഡയിലേക്കാണ് മജന്ത ലൈന്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ നവംബര്‍ അഞ്ചിനും മജന്ത ലൈനിലെ പരീക്ഷണ ഓട്ടത്തിനിടെ മെട്രോ തീവണ്ടികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. അന്നും ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും മെട്രോ തീവണ്ടികള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു.


ട്രെയിനിന്റെ ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം പ്രവര്‍ത്തനരഹിതമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ട്രെയിനിന്റെ രണ്ടു കോച്ചുകള്‍ ഭാഗികമായി തകര്‍ന്നു. 


കല്‍ക്കാജി മന്ദിറില്‍നിന്നു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള മജന്ത ലൈന്‍ സര്‍വീസ് നീട്ടല്‍ ഈ മാസം 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. അപകടത്തോടെ ഉദ്ഘാടന  തീരുമാനം പുനപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.