കേരളത്തിലും ISISന്‍റെ യോഗങ്ങൾ നടന്നുവെന്നും 11 പേരെ തിരിച്ചറിഞ്ഞുവെന്നും ഡല്‍ഹി പോലീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണേന്ത്യയിൽ തീവ്രവാദ സംഘടനയായ ISISന്‍റെ സ്വാധീനം വർദ്ധിച്ചുവരുന്നതായും കേരളത്തിലും, കര്‍ണാടകയിലും, തമിഴ്‌നാട്ടിലും  അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചു. 


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ISIS തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ISIS-മായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 


മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും, ഈ സംസ്ഥാനങ്ങളിൽ ഐഎസ്ഐഎസിന്റെ കണ്ണികളുണ്ടെന്നും, ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. 


കേരള - തമിഴ്നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ എഎസ്ഐയെ കൊലപെടുത്തിയ സംഭവത്തിൽ പോലീസ് സംശയിക്കുന്ന തിരുവിതാംകോട് സ്വദേശി അബ്ദുൽ ഷമീം, തൗഫിഖ് എന്നിവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങളും ഡൽഹി പോലീസ് നടത്തുന്നുണ്ട്. 


ISIS-മായി ബന്ധപ്പെട്ട പ്രധാന കണ്ണിയെക്കുറിച്ച് അന്വേഷിക്കാനായി ഗുജറാത്ത്, തമിഴ്‌നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്. സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാള്‍ ഗുജറാത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഉടൻ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യും. 


ISIS-മായി ബന്ധമുള്ള മൂന്ന് പേരെ കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ,കർണാടക ,കേരളം ,തമിഴ് നാട് സംസ്ഥാനങ്ങളിൽ ഇവർ സംഘടനയുടെ യോഗങ്ങൾ സംഘടിപ്പിച്ചതായി പോലീസിനെ അറിയിച്ചിട്ടുണ്ട്‌. 


ISISൽ ചേർന്ന മലയാളി വനിതകൾ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനില്‍ കീഴടങ്ങിയ ISIS ഭീകരരിലും കുടുംബാംഗങ്ങളിലും പെട്ട 10 ഇന്ത്യക്കാരിലെ മലയാളി വനിതകളാണ് തടവിൽ കഴിയുന്നത്. 


കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.