ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കാനുള്ള തീരുമാനം വാഗ്ദാനങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ് ബിജെപിയും കോണ്‍ഗ്രസുമെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ പൂര്‍ണ്ണ പദവിയുള്ള സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യവുമായി പുതിയ ക്യാമ്പൈനുമായി രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ പത്ത് ലക്ഷം കത്തുകള്‍ ശേഖരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കെജ്‌രിവാള്‍ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം ചെയ്ത സംസ്ഥാന പദവി നടപ്പാക്കിയില്ലെങ്കില്‍ 2019 തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ഒരു സീറ്റു പോലും ബിജെപിയ്ക്ക് ലഭിക്കില്ലെന്നും കെജ്‌രിവാള്‍ അറിയിച്ചു.


ഡല്‍ഹിക്ക് സംസ്ഥാന പദവി ആം ആദ്മി പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ഇതിനുവേണ്ടി ഒന്നിച്ചു നില്‍ക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.


ഡല്‍ഹിയില്‍ ലഫ്‌റ്റനന്റ് ഗവര്‍ണറെ നിയമിക്കുമ്പോള്‍ സംസ്ഥാന നേതൃത്വവുമായി ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഒരു പൂര്‍ണ്ണ സംസ്ഥാനമായി അംഗീകരിക്കപ്പെടാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്രം തനിയെ ലഫ്‌റ്റനന്റ് ഗവര്‍ണറെ നിയമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.


'ഡല്‍ഹി എക്കാലത്തും അടിമത്തത്തിന് കീഴിലായിരുന്നു. ആദ്യം മുഗള്‍, പിന്നീട് ബ്രീട്ടീഷ്, ഇപ്പോള്‍ ലഫ്‌റ്റനന്റ് ഗവര്‍ണറും', കെജ്‌രിവാള്‍ പറഞ്ഞു.


ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ബിജെപിയ്ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ പോലും തയ്യാറാണെന്ന് കെജ്‌രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.