ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ക്ക്  സംസാരിക്കാന്‍ അവസരം നല്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ലമെന്‍റിന് പുറത്ത് പ്രതിപക്ഷശബ്ദങ്ങളെ പ്രതിരോധിക്കുന്നു. പാര്‍ലമെന്‍റിനകത്തും പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് രാജ്യസഭ ഇന്നത്തേക്ക് ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. 


പ്രതിപക്ഷ അംഗങ്ങളും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും തമ്മില്‍ കടുത്ത വാക്കേറ്റം നടന്നു. അധ്യക്ഷന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എം.പിമാര്‍ ബഹളം വച്ചത്. 


പാര്‍ലമെന്‍റിനകത്തും പുറത്തും ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ദേരക് ഒബ്രിയന്‍ ആരോപിച്ചു. അധ്യക്ഷന്‍ വെങ്കയ്യ നായിഡു പിന്തുടരുന്ന രീതി മാറ്റണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗ്രവാള്‍ ആവശ്യപ്പെട്ടു. രാജ്യസഭാ ബഹിഷ്കരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. 


ജനങ്ങള്‍ തെരഞ്ഞെടുത്ത് അയയ്ക്കുന്ന അവരുടെ പ്രതിനിധികള്‍ക്ക് പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അവസരം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ വിയോജിപ്പ് രാജ്യസഭാ അധ്യക്ഷനെ രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.