ന്യൂഡല്‍ഹി: പുതുവര്‍ഷദിനത്തില്‍ ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. പുകമഞ്ഞ് കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കുന്നതിനാല്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനത്താവളത്തില്‍ കാഴ്ചപരിധി 50 മീറ്ററിലും കുറഞ്ഞതോടെയാണ് ഡൽഹി വിമാനത്താവളം അടച്ചത്. ഇതു മൂലം മുന്നൂറിലധികം വിമാനങ്ങൾ വൈകുകയോ റദ്ദു ചെയ്യുകയോ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 


പുകമഞ്ഞ് ട്രെയിന്‍ ഗതാഗതത്തേയും സാരമായി ബാധിച്ചു. കാഴ്ചയ്ക്ക് തടസം നേരിടുന്നതിനാല്‍ 15 ട്രെയിനുകള്‍ റദ്ദാക്കി. 56 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. രാവിലെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് റിപ്പോര്‍ട്ട്. വായുവിന്‍റെ ഗുണനിലവാരവും അപകടകരമായ നിലയിലാണ്. 


ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. പലയിടങ്ങളിലെയും വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.