ചണ്ഡിഗഡ്:  പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കോടികളുടെ സ്വത്തു വിവരങ്ങള്‍ കണക്കാക്കി. ദേരാ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ല്‍ അധികം അക്കൗണ്ടുകളിലായി കോടികളുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ടെത്തിയ 504 അക്കൗണ്ടുകളില്‍ 473 എണ്ണം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ്. മറ്റു അക്കൗണ്ടുകള്‍ ലോണ്‍ അക്കൗണ്ടുകളാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലായി 75 കോടി രൂപയുടെ നിക്ഷേപമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. നിരവധി അക്കൗണ്ടുകളിലായി കോടികളുടെ നിക്ഷേപവും ഭദ്രമായിരുന്നു. ഗുര്‍മീതിന് 12 അക്കൗണ്ടുകളിലായി 7.72 കോടി രൂപയാണ് നിക്ഷേപം. 


ദേരാ സച്ചാ സൗദയുടെ സ്വത്തുവിവരങ്ങളുടെ കണക്ക് തയാറാക്കാന്‍  പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കോടതി വിധിയ്ക്ക് ശേഷം വിവിധ ഇടങ്ങളില്‍ ദേര അനുയായികള്‍ നടത്തിയ ആക്രമണങ്ങളിലെ നാശ നഷ്ടങ്ങള്‍ക്കു ദേരാ ആശ്രമത്തിന്റെ സ്വത്തില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.


ഗുര്‍മീത് റാം റഹിം സിങ്ങിന്‍റെ ദത്തുപുത്രി ഹണീപ്രീത് സിങ്ങിന്‍റെ പേരിലും ഭീമമായ നിക്ഷേപമുണ്ട്. ഹണിപ്രീതിനു ഏഴു അക്കൗണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.


ഇതു കൂടാതെ ഗുര്‍മീതിന്റെ പ്രോഡക്ഷന്‍ കമ്പനിയായ ഹക്കിക്കാത്ത് എന്റെര്‍ടെയിന്‍മെന്റിന്റെ പേരില്‍ ഇരുപതു അക്കൗണ്ടുകളിലായി അമ്പതു കോടി രൂപയുണ്ട്. ഇതുവരെ കണ്ടെത്തിയ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു.