ന്യൂഡല്‍ഹി: ഭാരതത്തില്‍ സിനിമാ ലോകത്തിന് കഴിഞ്ഞ 65 വര്‍ഷമായി നല്‍കി വന്നിരുന്ന അംഗീകാരത്തെ, പാരമ്പര്യത്തെ കാറ്റില്‍ പറത്തികൊണ്ട് ദേശീയ പുരസ്കാര വിതരണം ഇന്ന് തലസ്ഥാനത്ത് നടന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിഗ്യാന്‍ ഭവനില്‍ പുരസ്‌കാര വിതരണം നടന്നത് എന്നത് ശ്രദ്ധേയമായി.


രാഷ്ട്രപതിയുടെ കൈയില്‍നിന്നും അവാര്‍ഡ്‌ വാങ്ങുക എന്നത്, ഏതൊരു കലാകാരനെ സംബന്ധിച്ചിടത്തോളവും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നുതന്നെ, അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. അവാര്‍ഡ്‌ വാങ്ങാന്‍ സംസ്ഥാനത്തുനിന്നും തലസ്ഥാനത്തെത്തിയവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരം വിതരണം ചെയ്യുന്നെന്ന വാര്‍ത്ത‍ പൂര്‍ണ്ണമായും നിരാശരാക്കി. പ്രതിഷേധിക്കുക സ്വാഭാവികം, ഇവിടെയും അതുതന്നെ സംഭവിച്ചു. ഇതാണ് ചരിത്രത്തിലാദ്യമായി പുരസ്ക്കാര വേദി പ്രതിഷേധ വേദിയാക്കി മാറ്റിയത്.
  
എഴുപതോളം പേര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു, എന്നാല്‍ സര്‍ക്കാര്‍ തോറ്റില്ല. പ്രതിഷേധിച്ചവരെ ഒഴിവാക്കി, അവര്‍ക്കുവേണ്ടി നീക്കിവച്ചിരുന്ന കസേരകളും ഒഴിവാക്കി കേന്ദ്രം ചടങ്ങുമായി മുന്നോട്ട് പോയി.


മലയാളത്തില്‍ നിന്നും ദേശീയ പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍, പാര്‍വ്വതി, സജീവ് പാഴൂര്‍, അനീസ് കെ മാപ്പിള എന്നിവരടക്കമുള്ള മിക്കവാറും ജേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍വ്വതിയും ഫഹദും അടക്കമുള്ള ജേതാക്കളെല്ലാം നേരത്തെ തന്നെ ന്യൂഡല്‍ഹിയില്‍  എത്തിയിരുന്നു.


വിഗ്യാന്‍ ഭവനില്‍ പുരസ്ക്കാര വിതരണം പുരോമഗമിക്കവേ പ്രതിഷേധക്കാര്‍ വേദിക്ക് പുറത്ത് പ്രതിഷേധിച്ചു. തങ്ങള്‍ അവാര്‍ഡ് ബഹിഷ്ക്കരിച്ചിട്ടില്ലെന്നും ചടങ്ങില്‍ നിന്നും ഒഴിവായതാണ് എന്നുമാണ് പാര്‍വ്വതി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരിക്കുന്നത്.
അത്താഴ വിരുന്നിലും പങ്കെടുക്കില്ല എന്നവര്‍ അറിയിച്ചു. കൂടാതെ പുരസ്കാരം വേദിക്ക് പുറത്ത് വെച്ച്‌ തരികയോ വീട്ടിലെത്തിക്കുകയോ ചെയ്താല്‍ സ്വീകരിക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.


എന്നാല്‍ കേരളത്തില്‍നിന്നും മൂന്ന് ജേതാക്കള്‍ പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു. മികച്ച ഗായകനുള്ള പുരസ്‌ക്കാരം നേടിയ കെജെ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, നിഖില്‍ എസ് പ്രവീണ്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് യേശുദാസ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത്.


എന്നാല്‍, രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരം ചെയ്യാത്തതിലുള്ള പ്രതിഷേധമറിയിച്ച്‌ അവാര്‍ഡ് ജേതാക്കള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു.