ധാക്ക ഭീകരാക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരി താരിഷി ജെയ്നിന്‍റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും
ധാക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി താരിഷി ജെയ്നിന്‍റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മൃതദേഹം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങും. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
അമേരിക്കയില്‍ പഠിക്കുകയായിരുന്ന താരിഷി അവധി ആഘോഷിക്കാനാണ് ധാക്കയിലത്തെിയത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ഇവരുടെ പിതാവ് സഞ്ജീവ് ജെയ്ന്‍ 15-20 വര്‍ഷമായി ബംഗ്ലദേശില്‍ വസ്ത്ര ബിസിനസ് നടത്തി വരുകയാണ്.ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ആറു ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു.
അക്രമണത്തില്‍ മരണപ്പെട്ടവരില്‍ കൂടുതലും ജപ്പാന്‍കാരും ഇറ്റലിക്കാരുമാണ്. ഏഴു ജപ്പാന്‍കാര്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി 9.20ഓടെയണ് ഭീകരര്‍ ധാക്കയിലെ ആര്‍ട്ടിസാന്‍ സ്പാനിഷ് ബേക്കറിയില്‍ ഇരച്ചുകയറി വിദേശികള്‍ ഉള്‍പ്പെടെയുള്ള 35 പേരെ ബന്ദികളാക്കുന്നത്. ഇതില്‍ 13 പേരെ സൈന്യം മോചിപ്പിച്ചു.
ഭീകരരുമായി വെള്ളിയാഴ്ച്ച രാത്രിമുഴുവന്‍ ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാവിലെ സൈന്യം ബന്ദികളെ മോചിപ്പിക്കാനായി രംഗത്തുവന്നത്. രാവിലെ ഏഴോടെ കമാന്റോ സംഘം റസ്‌റ്റോറന്റിലേക്ക് ഇരച്ചു കയറി ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു.വിദേശികളും നയതന്ത്ര പ്രതിനിധികളും സ്ഥിരമായി സന്ദര്‍ശിക്കുന്ന ഇടമാണിത്. ഏഴ് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്.