ചെന്നൈ: എ.ഐ.ഡി.എം.കെയിലെ പ്രതിസന്ധി സമർത്ഥമായി ഉപയോഗിക്കുവാനുള്ള കരുനീക്കങ്ങളുമായി പ്രതിപക്ഷം. ഡി.എം.കെ വർക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലാണ് അണിയറനീക്കങ്ങൾ സജീവമായത്. നിയമസഭ വിളിച്ച് എടപ്പാടി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി എം.കെ സ്റ്റാലിൻ ഹൈക്കോടതിയെ സമീപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എടപ്പാടി പളനിസാമിയെ ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ ഇന്നലെ തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരാഴ്ചയ്ക്കകം പളനിസാമിയെ ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കുകയോ സർക്കാർ പിരിച്ചുവിടുകയോ ചെയ്യണമെന്ന് ഗവർണറോട് സ്റ്റാലിൻ ആവശ്യപ്പെട്ടു. എന്നാൽ അനുകൂലമായ തീരുമാനം ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. 


ഇതേ ആവശ്യം ഉന്നയിച്ച് രണ്ടു തവണ സ്റ്റാലിൻ ഗവർണർക്ക് കത്തയച്ചിരുന്നു. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടായില്ല. 


അതേസമയം എ.ഐ.ഡി.എം.കെയിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പരസ്പരം പോരടിച്ചു നിൽക്കുന്ന ദിനകരപക്ഷവും സർക്കാർ അനുകൂല പക്ഷവും സന്ധിയിലേക്ക് നീങ്ങില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഈ ഭിന്നത മുതലെടുക്കാനാണ് ഡി.എം.കെയുടെ ശ്രമം. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അത് ഡി.എം.കെയ്ക്ക് അനുകൂലമാകുമെന്നാണ് പാർട്ടിയുടെ അനുമാനം. എന്നാൽ ഗവർണർ അനുകൂല തീരുമാനം എടുക്കാത്തത് ഡി.എം.കെയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കോടതി വഴിയാണെങ്കിലും എടപ്പാടി പളനിസാമി സർക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ് ഇപ്പോൾ എം.കെ സ്റ്റാലിൻ ലക്ഷ്യം വയ്ക്കുന്നത്.