ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ ഡിഎംകെ പ്രവര്‍ത്തരുടെ പ്രതിഷേധം. രാജാജി ഹാളില്‍ എത്തിയ മുഖ്യമന്ത്രിക്കു നേര്‍ക്ക് ഡിഎംകെ അണികള്‍ മുദ്രാവാക്യം മുഴക്കി. 



COMMERCIAL BREAK
SCROLL TO CONTINUE READING

കരുണാനിധിയുടെ സംസ്‌കാരം മെറീന ബീച്ചില്‍ നടത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് ഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.


ചൊവ്വാഴ്ച രാത്രിയില്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാവേരി ആശുപത്രിക്കു മുന്‍പില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. 


തീരദേശ സംരക്ഷണ നിയമവും മുഖ്യമന്ത്രിമാര്‍ക്ക് മാത്രമേ മെറീനയില്‍ അന്ത്യവിശ്രമത്തിന് സൗകര്യമൊരുക്കുകയുള്ളു എന്നുമുള്ള വസ്തുതകള്‍  ഉയര്‍ത്തിക്കാട്ടിയാണ് സംസ്‌കാര സ്ഥലത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചത്.


അതേസമയം, കരുണാനിധിയുടെ വേര്‍പാട്‌ തമിഴ്‌നാടിന്‍റെയാകെ നഷ്ടമാണ് എന്ന് അന്തിമോപചാരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട പളനിസ്വാമി പറഞ്ഞു. അദ്ദേഹത്തിന്‍റെ മക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


അതേസമയം, അക്രമസംഭവങ്ങള്‍ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പൊലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയ്ക്കായി സേനാംഗങ്ങളെ നിയോഗിച്ചു. മദ്യഷാപ്പുകളും തിയേറ്ററുകളും ഇന്നും നാളെയും അടച്ചിടും. വ്യാപാര സ്ഥാപനങ്ങള്‍ മൃതദേഹം സംസ്‌കരിക്കുന്നതു വരെ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.