ന്യൂഡല്‍ഹി: ബിജെപി അവരുടെ എല്ലാ തെറ്റായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നുവെന്നും ഇത്  അങ്ങേയറ്റം മോശമാണെന്നും ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിക്കുന്ന ബിജെപി നയത്തിനെതിരെയായിരുന്നു മെഫ്ബൂബ മുഫ്തി രംഗത്തെത്തിയത്.


"എന്‍.ഡി.എ അവരുടെ എല്ലാ തെറ്റായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണ്. ഗൃഹപാഠം ചെയ്യാതെ സ്‌കൂളിലെത്തുന്ന കുട്ടി ഹോം വര്‍ക്ക് പുസ്തകം പട്ടി തിന്നു എന്ന് പറയുന്നതിന് സമമാണ് ഇത്" എന്നായിരുന്നു മെഫ്ബൂബ മുഫ്തിയുടെ പ്രതികരണം.


മതത്തിന്‍റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി, ഇതാണ് മോദിയുടെ പുതിയ ഇന്ത്യ. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിന്‍റെ പേരില്‍ തന്നെ ഒരു വിഘടനവാദിയും ദേശവിരുദ്ധയും ആക്കി മുദ്രകുത്തുകയാണെങ്കില്‍ അത്തരമൊരു ബാഡ്ജ് അഭിമാനത്തോടെ ധരിക്കാന്‍ താന്‍ തയ്യാറാണെന്നും മെഫ്ബൂബ മുഫ്തി പറഞ്ഞു. 


മുന്‍പ്, ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ജമ്മു-കശ്മീരും ഇന്ത്യയും തമ്മിലുള്ള പാലമാണ് ആര്‍ട്ടിക്കിള്‍ 370. അത് റദ്ദാക്കിയാല്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ കശ്മീര്‍ ജനത നിര്‍ബന്ധിതരാകുമെന്നും മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.


ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കാന്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ശ്രമം നടക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 35എ കശ്മീരിന്‍റെ സാമ്പത്തിക വികസനത്തിന് തടസമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടുത്തിടെ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് മെഹബൂബയുടെ പ്രതികരണം.