ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ദോക്‌ലാമില്‍ നിന്ന് ഗ്രാമവാസികളോട് ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യന്‍ സൈന്യം ഉത്തരവിട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറോളം പേരോട് അടിയന്തിരമായി ഒഴിഞ്ഞു പോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് സൈന്യം തയാറായിട്ടില്ല.  ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് രണ്ട് മാസമായി സംഘര്‍ഷഭീതി നിലനില്‍ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മുന്‍കരുതലിനുവേണ്ടിയാണ് ജനങ്ങളോട് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതെന്നും ഒരു സൈനിക നടപടിക്കുള്ള അടിയന്തിര സാഹചര്യങ്ങളില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.  എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നാട്ടുകാരുടെ മരണം ഒഴിവാക്കുന്നതിനാണ് പ്രദേശവാസികളെ ഒഴിപ്പിക്കുന്നത് എന്നാണു വിവരം.  നൂറുകണക്കിനാളുകള്‍ ഇതേതുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.  അതേ സമയം ഈ മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്.


ഇന്ത്യയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം യുദ്ധമായി പരിണമിക്കാന്‍ സമയമായെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ ഔദ്യോഗിക മാധ്യമം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ പ്രസിദ്ധീകരിച്ചതില്‍ ഏറ്റവും രൂക്ഷമായ ഭാഷയിലായിലുള്ള മുഖപ്രസംഗത്തിലാണ് ചൈനീസ് ഡെയ്‌ലി മുന്നിറിയിപ്പുനല്കിയത്.മേഖലയില്‍ വലിയ തോതിലുള്ള സൈനിക വിന്യാസം നടക്കുന്നതായി നതാങ് മേഖലയിലെ ജനങ്ങളും വെളിപ്പെടുത്തി. അതേസമയം, സെപ്റ്റംബറില്‍ നടത്താറുള്ള പരിശീലനത്തിന്‍റെ ഭാഗമാണ് നടപടിയെന്ന് ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഇത് അല്‍പം നേരത്തെ നടത്തുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.