ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഭരണ പ്രതിപക്ഷ നേതാക്കളുടെ വാക് ശരങ്ങള്‍ക്ക് മൂര്‍ച്ചയേറുകയാണ്....


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ വിവാദ പരാമര്‍ശവുമായി എത്തിയിരിയ്ക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ജോലിയ്ക്കായി വെറും പന്ത്രണ്ടാം ക്ലാസ്സുകാരനെ തിരഞ്ഞെടുക്കരുതെന്നാണ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മോദിക്കെതിരായ കെജ്‌രിവാളിന്‍റെ ഈ പരാമര്‍ശം. 


കഴിഞ്ഞ തവണ ജനങ്ങള്‍ പന്തണ്ടാം ക്ലാസുകാരനെ പ്രധാനമന്ത്രിയാക്കി. ഇത്തവണ ഏതായാലും ആ പിഴവ് ആവര്‍ത്തിക്കരുത്. എവിടെയാണ് താന്‍ ഒപ്പിടുന്നത് എന്ന് ഒരു പന്തണ്ടാം ക്ലാസുകാരന് മനസ്സിലാകില്ല, ഡല്‍ഹി മുഖ്യമന്ത്രി പരിഹസിച്ചു. കൂടാതെ, റാഫേല്‍ ഇടപാടില്‍ തിരിമറി നടന്നിട്ടുള്ളതായി കെജ്‌രിവാള്‍ വിമര്‍ശിച്ചു. 


കെജ്‌രിവാളിന്‍റെ പ്രസംഗത്തിന് പിന്നാലെ ഇതേ ആഹ്വാനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. ഇന്ത്യയെ നയിക്കാന്‍ ഒരു വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെയാണ് വേണ്ടതെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കുന്ന ചൂഷകനെയല്ല രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


എന്നാല്‍, കെജ്‌രിവാളിന്‍റെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചര്‍ച്ചാവിഷയമാക്കുകയാണ്. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് അരവിന്ദ് കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.