രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10 മുതൽ; പ്രതീക്ഷയിൽ മുന്നണികൾ
ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തുന്നത്
പുതിയ രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. രാവിലെ പത്തിന് വോട്ടെടുപ്പ് തുടങ്ങും. പാർലമെന്‍റിലെ 63 -ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. പാർലമെന്‍റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പും ആരംഭിക്കും. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ചയാകും വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കുക.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഇതിനോടകം ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടം.
വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതും ആശ്വാസമായിട്ടുണ്ട്. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും ഇതിനിടെ വ്യക്തമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധാൻകറിനെ എൻ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...