ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജനനായക് ജനതാ പാര്‍ട്ടി (JJP)  ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലുള്ള മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നായിരുന്നു മുന്‍പ് JJP പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം പാര്‍ട്ടി മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.


JJP ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന വിവരം ഹരിയാന ഉപ മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ ദുഷ്യന്ത് ചൗതാലയാണ് പ്രഖ്യാപിച്ചത്. JJPയ്ക്ക് പാര്‍ട്ടി ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.


'പാർട്ടി ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാത്തതിനാൽ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ JJP മത്സരിക്കില്ല. താക്കോല്‍, അല്ലെങ്കില്‍ ചെരുപ്പ് ആയിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ട ചിഹ്നങ്ങള്‍. ഇവ രണ്ടും മറ്റ് കക്ഷികള്‍ക്ക് അനുവദിച്ചു', ദുഷ്യന്ത് ചൗതാല പറഞ്ഞു.


ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും പിന്മാറിയതിന് തൊട്ടു പിന്നാലെയാണ് JJPയുടെ ഈ തീരുമാനം. 


അതേസമയം, CAA സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല എന്നാണ് ശിരോമണി അകാലിദള്‍ നേതാവ് മന്‍ജിന്ദര്‍ സിംഗ് സിര്‍സ അഭിപ്രായപ്പെട്ടത്. 


'CAA സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് പുന:പരിശോധിക്കണമെന്ന് ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. നിലപാട് മാറ്റുന്നതിന് പകരം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനം പാര്‍ട്ടി കൈക്കൊള്ളുകയായിരുന്നു', അദ്ദേഹം പറഞ്ഞു.