ഭോപ്പാല്‍: പെരുമാറ്റ ചട്ട ലംഘനത്തെതുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 72 മണിക്കൂർ നീണ്ട പ്രചാരണവിലക്കിനിടെ നിയമലംഘനം നടത്തിയെന്ന ആരോപണത്തില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന് 'ക്ലീന്‍ ചിറ്റ്'!! 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ്‌ 2ന് രാവിലെ 6 മണി മുതല്‍ 72 മണിക്കൂര്‍ ആയിരുന്നു പ്രചാരണവിലക്ക്. ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി കൈക്കൊണ്ടത്. 


മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ എന്തിന് നാം പശ്ചാത്തപിക്കണം? വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തില്‍ ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളത് നീക്കം ചെയ്തു. ശ്രേഷ്ഠമായ ഒരു രാമക്ഷേത്രം അവിടെ പടുത്തുയര്‍ത്തും. ഇത് നമ്മുടെ രാജ്യത്തിന്‍റെ ആത്മാഭിമാനത്തെ ഉയര്‍ത്തുമെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.


എന്നാല്‍ വിലക്കിനിടെയിലും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ അമ്പലങ്ങള്‍ സന്ദര്‍ശിക്കുകയും, തന്‍റെ ജയില്‍ ജീവിതവുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്തതായുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. പരാതി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയില്‍ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ലഘുലേഖകൾ വിതരണം ചെയ്തതിനെപ്പറ്റി അറിവില്ലെന്നുമാണ് സൂചിപ്പിച്ചത്.