ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന്‍ അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കോടതി അനുമതി നല്‍കിയിരുന്നു.


ആവശ്യമെങ്കില്‍ ചിദംബരത്തെ അറസ്റ്റുചെയ്യാമെന്ന്‍ റോസ് അവന്യു കോടതിയും വ്യക്തമാക്കിയിരുന്നു.  ചിദംബരത്തെ കസ്റ്റഡിയില്‍ കിട്ടണമെന്ന ഇഡിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്.


എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി രണ്ട് നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചത്. ഒന്നുകില്‍ കോടതി പരിസരത്തുവെച്ച് ചിദംബരത്തെ ചോദ്യം ചെയ്യുക എന്നിട്ട് പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കുക എന്നതും അല്ലെങ്കില്‍ തിഹാര്‍ ജയിലില്‍ നിന്നും ചിദംബരത്തെ അറസ്റ്റ് ചെയ്യുക എന്നിട്ട് പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കുക എന്നതുമാണ്‌ ആ രണ്ടു നിര്‍ദ്ദേശങ്ങള്‍.


ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിദംബരത്തെ തിഹാര്‍ ജയിലില്‍ നിന്നും അറസ്റ്റ് ചെയുമെന്നാണ് സൂചന. 


ആഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്യുന്നത്. ചിദംബരം ധനമന്ത്രിയിരിക്കെയാണ് ഐഎന്‍എസ് മീഡിയയ്ക്ക് വിദേശത്തുനിന്ന് മുതല്‍മുടക്ക് തുക കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ അനുമതി ലഭിച്ചത്. ഇതില്‍ അഴിമതി നടന്നെന്ന്‍ ആരോപിച്ചാണ് സിബിഐ കേസെടുത്തിരിക്കുന്നത്.


ഈ കേസില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും പണം പറ്റിയതായിട്ടാണ് ആരോപണം. കേസില്‍ അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്.