Election Defeat: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ; മുഖപത്രത്തിലൂടെ രാഷ്ട്രീയ നിലപാടറിയിച്ച് സ്റ്റാലിൻ
ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ അവശ്യമാണ്. എന്നാൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് തീർത്തും ശരിയായില്ലെന്നാണ് ഡിഎംകെ വിലയിരുത്തൽ.
ചെന്നൈ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ മുഖപത്രം. പ്രതിപക്ഷ പാർട്ടികളെ ഒപ്പം കൂട്ടുന്നതിൽ കോൺഗ്രസിന്റെ അലസമായ മനോഭാവമാണ് അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് മുഖപത്രമായ ‘മുരസൊലി' യുടെ മുഖപ്രസംഗത്തിൽ ഡിഎംകെ തുറന്നടിച്ചു. ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ അവശ്യമാണ്. എന്നാൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് തീർത്തും ശരിയായില്ലെന്നാണ് ഡിഎംകെ വിലയിരുത്തൽ. ഡിഎംകെയുടെ രാഷ്ട്രീയ നിലപാടാണ് പാർട്ടി മുഖപത്രത്തിന്റെ നിലപാട്. ആദ്യമായാണ് ഡിഎംകെ സഖ്യകക്ഷിക്കെതിരെ ശക്തമായി രംഗത്ത് വരുന്നത്.
ബിജെപിയല്ലാതെ ഏത് പാർട്ടിയുമായും സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാണെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. എന്നാൽ കോൺഗ്രസ് ആ സഖ്യനീക്കങ്ങൾക്ക് ശ്രമിച്ചില്ലെന്നും പരാജയകാരണം അതാണെന്നും മുഖപ്രസംഗം പറയുന്നു. വർഗീയ ധ്രുവീകരണവും വിഭജനവും ഉപയോഗിച്ചുള്ള രാഷ്ട്രീയത്തിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും മുരസൊലി അടിവരയിടുന്നുണ്ട്. ഉത്തർപ്രദേശിൽ ബിജെപി 2 ശതമാനം വോട്ട് വിഹിതം വർധിപ്പിച്ചപ്പോൾ സമാജ്‌വാദി പാർട്ടി 10 ശതമാനം കൂട്ടി. ഉത്തർപ്രദേശിൽ എസ്പിയും ബിഎസ്പിയും കോൺഗ്രസും ഒന്നിച്ചിരുന്നെങ്കിൽ ബിജെപി പരാജയപ്പെടുമായിരുന്നു. പഞ്ചാബിൽ രണ്ട് സീറ്റുകൾ നേടിയതല്ലാതെ ബിജെപിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.- ഡിഎംകെ മുഖപത്രം ചൂണ്ടിക്കാട്ടി.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം നൽകണമെന്ന് ഡിഎംകെ ആഗ്രഹിച്ചിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേരിടുന്ന മോശം സാഹചര്യം കണക്കിലെടുത്ത് ബിജെപി വിരുദ്ധ മുന്നണിയ്ക്ക് ഡിഎംകെ മുൻകൈയെടുക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.