ലഖ്നൗ: ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെ അമ്പരപ്പിച്ചുകൊണ്ട് ക്യാബിനറ്റ് മന്ത്രിയുടെ അഭിപ്രായപ്രകടനം. യോഗി സർക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ അഴിമതി വര്‍ദ്ധിച്ചതായി ഓം പ്രകാശ് രാജ്ഭർ അവകാശപ്പെട്ടു. മന്ത്രിയുടെ ഈ അഭിപ്രായം ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെ കുഴക്കിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻപുണ്ടായിരുന്ന എസ്.പി., ബി.എസ്.പി  സര്‍ക്കാരിനേക്കാള്‍ ബിജെപി ഭരണത്തിൻകീഴിൽ കൂടുതൽ അഴിമതി നടക്കുന്നുണ്ട് എന്നാണ് ക്യാബിനറ്റ് മന്ത്രിയായ പ്രകാശ് രാജ്ഭർ അഭിപ്രായപ്പെട്ടത്. കൂടാതെ തന്‍റെ അവകാശവാദത്തിന് ന്യായീകരണമായി താന്‍ ഈ സർക്കാറിന്‍റെ ഭാഗമാണെങ്കിലും ഇത് തന്‍റെ പാര്‍ട്ടിയുടെ സര്‍ക്കാരല്ല, ബിജെപിയുമായുള്ള ബന്ധം ഞങ്ങൾക്ക് ഉണ്ടെന്നേയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ബിജെപിയുടെ സഖ്യകക്ഷിയായ സുൽദെവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) യെ നയിക്കുന്നത് രാജ്ഭറാണ്. ഇപ്പോഴത്തെ ബിജെപി സര്‍ക്കാരില്‍ അദ്ദേഹത്തിന്‍റെ പാർട്ടിയ്ക്ക് വേണ്ടത്ര ബഹുമതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 


അതേസമയം, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് ബിജെപിയുടെ തീരുമാനമെന്ന് അദ്ദേഹം മറുപടി പറഞ്ഞു.


എന്നാല്‍ രാജ്ഭറിന്‍റെ അഭിപ്രായത്തെ ബിജെപി വക്താവ് തള്ളിക്കളഞ്ഞു. പ്രസക്തിയ്ക്കുവേണ്ടി എന്തും പറയുന്നത് ശരിയല്ല എന്നും, രാജ്ഭറിന് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ തക്ക സന്ദര്‍ഭത്തില്‍ അവതരിപ്പിക്കണമെന്നും വക്താവ് അഭിപ്രായപ്പെട്ടു.