ഹൈദരാബാദ്:  കള്ള്  കാന്‍സറിനെ തുരത്തുമെന്ന വിചിത്ര  വാദവുമായി   തെലങ്കാന എക്സൈസ് മന്ത്രി.... 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാന്‍സര്‍ മാറണമെങ്കില്‍ കളളുകുടി പതിവാക്കിയാല്‍ മതി എന്നാണ്   എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡിന്‍റെ  ഉപദേശം. രോഗം വരുന്നത് തടയുന്നതിനൊപ്പം വന്ന രോഗം ഇല്ലാതാക്കാനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


കാന്‍സര്‍ മാത്രമല്ല, മറ്റ്  പതിനാലുരോഗങ്ങള്‍ എളുപ്പത്തില്‍ മാറ്റാനും 'പനംകളളിന്' ശക്തിയുണ്ടെന്നാണ് മന്ത്രി പറയുന്നത്.


പനയുടെ എല്ലാസത്തും അടങ്ങിയിരിക്കുന്നതുമൂലമാണത്രേ കളളിന് അപൂര്‍വ ഗുണങ്ങളെല്ലാം ലഭിക്കുന്നത്. നേരത്തേ പാവപ്പെട്ടവര്‍ മാത്രമായിരുന്നു കളള് കുടിച്ചിരുന്നതെങ്കില്‍ ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നവര്‍ പോലും ഇപ്പോള്‍ കളള് കുടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളളുചെത്തിനെ ഒരു തൊഴില്‍ ആയി പ്രഖ്യാപിക്കാനുളള നീക്കവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സര്‍വായ് പപ്പണ്ണയുടെ പ്രതിമ ജംഗാവോണ്‍ ജില്ലയില്‍ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 


നീര എന്നപേരില്‍ തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പനങ്കളളില്‍ നിന്നുളള ഉപോത്പന്നങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാണ്  എന്നാണ്  മന്ത്രിയുടെ ഉപദേശം. നീര വ്യക്കളില്‍ കല്ലുണ്ടാകുന്നത് തടയുകയും ചെയ്യും. ഇതിനൊപ്പം ശരീരത്തെ നന്നായി തണുപ്പിക്കുകയും ചെയ്യും. പൊട്ടാസ്യവും ഇരുമ്ബും അടങ്ങിയ നീര ശ്വസന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. ഗുണഗണങ്ങള്‍ എല്ലാം വ്യക്തമായതിനാല്‍ കളളിനെ പരമാവധി പ്രോത്സാഹിപ്പിക്കാണാണ് സര്‍ക്കാര്‍  തീരുമാനം. വിദേശമദ്യത്തിനുപകരം കളള് വില്‍ക്കാനും ലക്ഷ്യമിടുന്നുണ്ട്


കള്ള് കുടി പ്രോല്‍സാഹിപ്പിക്കാന്‍ മന്ത്രി ഇത്തരത്തില്‍ പറയുന്നത് ആദ്യമല്ല. മദ്യത്തിന് പകരം എല്ലാ ജില്ലകളിലും കള്ള് വില്‍ക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ വൈന്‍ ഷോപ്പുകള്‍ അടച്ച വേളയിലാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.