ചെന്നൈ: സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത ആണ് ആത്മഹത്യ ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ ഭർത്താവ് ജോൺ പോൾ ഫ്രാങ്ക്‌ലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്നാൽ, അതേ കോടതിവിധിപ്രകാരം ഭർത്താവിനെതിരെ  പൊലീസ് കേസെടുത്തു.


ജോൺ പോളും പുഷ്പലതയും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രണ്ടു വർഷം മുൻപാണ് വിവാഹിതരായത്. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് ജോണ്‍. ഇവർക്കു ഒരു  മകളുണ്ട്. പുഷ്പലത ടിബി രോഗിയാണ്. രോഗം കണ്ടെത്തിയ ശേഷം ഭർത്താവ് തന്നിൽനിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോട് പരാതി പറഞ്ഞിരുന്നു.


ജോൺ പോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പുഷ്പലതയ്ക്ക് വിവരം കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വൈകിയെത്തിയപ്പോൾ ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. 


ബന്ധം തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്ന് പുഷ്പലത പറഞ്ഞു. എന്നാൽ, വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാൽ തന്നെ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു ജോൺ പോളിന്‍റെ മറുപടി. ഇതിൽ മനംനൊന്താണ് പുഷ്പലത ആത്മഹത്യ ചെയ്തത്.