50 ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ 'കേംബ്രിഡ്ജ് അനാലിറ്റിക്ക' ഫെയ്സ്ബുക്കിലൂടെ ചോര്‍ത്തിയ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സുക്കന്‍ബര്‍ഗ്. തങ്ങളുടെ ഭാഗത്തുനിന്ന് വിശ്വസ വഞ്ചന സംഭവിച്ചതായി സുക്കര്‍ ബര്‍ഗ് സമ്മതിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്ന ആരോപണത്തില്‍ തെറ്റുപറ്റിയെന്നും കേംബ്രിഡ്ജ് അനാലിറ്റിക്കയുമായി നടന്ന ഇടപാടില്‍ ഫെയ്സ്ബുക്കിന്‍റെ വിശ്വാസ്യതയില്‍ വിളളലുണ്ടായെന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.  


വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തും. ഫേസ്ബുക്ക് ആരംഭിച്ചയാളെന്ന നിലയില്‍ എന്ത് സംഭവിച്ചാലും അത് തന്‍റെ ഉത്തരവാദിത്തമാണ്. ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്പുകളെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും,- സുക്കന്‍ബര്‍ഗ് വ്യക്തമാക്കി.


രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൊണ്ട് കൈകാര്യം ചെയ്യുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്‍സി കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശപ്രകാരം വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് ഇന്നലെ പാര്‍ലമെന്‍റില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയിരുന്നു. ആരോപണം കോണ്‍ഗ്രസ് തള്ളിയെങ്കിലും ഇതില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് കണ്ടാല്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഇന്ത്യയില്‍ വിളിച്ചുവരുത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്.


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്കിലെ അഞ്ചുകോടി അംഗങ്ങളുടെ വിവരങ്ങള്‍ രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കാംബ്രിജ് അനലിറ്റിക്ക നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന വാര്‍ത്ത നോരത്തെ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അറിയാതെ വ്യക്തിഗതവിവരങ്ങള്‍ സ്വന്തമാക്കി അവരുടെ താല്‍പര്യങ്ങളും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ട്രംപ് പക്ഷത്തെ കാംബ്രിജ് അനലിറ്റിക്ക സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫേസ്ബുക്ക് വിലക്കിയിട്ടുണ്ട്. വിവരങ്ങള്‍ പുറത്തായതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും കേംബ്രിജ് അനലിറ്റിക്കിനുമെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


അതിനിടെ, ഓഹിരി വിപണിയിയലും ഫേസ്ബുക്കിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്.