`ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല`; മെഡിക്കൽ ഡയറക്ടറുടെ വാർത്താക്കുറിപ്പിനെതിരെ ഡൽഹി ഗംഗാറാം ആശുപത്രി മാനേജ്മെന്റ്
ഇന്ന് രാവിലെയാണ് 25 പേർ മരിച്ചെന്ന് കാണിച്ച് മെഡിക്കൽ ഡയറക്ടർ വാർത്താകുറിപ്പ് ഇറക്കിയത്
ന്യൂഡൽഹി: ഓക്സിജൻ ലഭിക്കാതെ 24 മണിക്കൂറിനുള്ളിൽ 25 പേർ മരിച്ചെന്ന മെഡിക്കൽ ഡയറക്ടറുടെ (Medical Director) വാർത്താകുറിപ്പിനെതിരെ ഡൽഹി ഗംഗാറാം ആശുപത്രി മാനേജ്മെന്റ്. ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന പ്രസ്താവന ശരിയല്ല. എല്ലാ രോഗികൾക്കും (Patients) ഓക്സിജൻ നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മുടക്കമില്ലാതെ ഓക്സിജൻ നൽകാമെന്ന് ഇനോക്സ് കമ്പനി അറിയിച്ചിട്ടുണ്ടെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ അറിയിച്ചു.
ഇന്ന് രാവിലെയാണ് 25 പേർ മരിച്ചെന്ന് കാണിച്ച് മെഡിക്കൽ ഡയറക്ടർ വാർത്താകുറിപ്പ് ഇറക്കിയത്. 60 പേരുടെ നില ഗുരുതരമാണ്. രണ്ട് മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജൻ മാത്രമേ ആശുപ്രതിയിൽ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് സംഭവം ദേശീയ തലത്തിൽ ചർച്ചയായി. തുടർന്ന് ഗംഗാറാം ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാർത്ത നിഷേധിച്ച് ആശുപത്രി മാനേജ്മെന്റ് രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം, ഡൽഹിയിലുടനീളം (Delhi) ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. നിലവിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാർ നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് (Covid) ബാധിതരായ രോഗികൾക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ഡൽഹിയിലെ നിരവധി സ്വകാര്യ ആശുപത്രികൾ പെടാപ്പാടുപെടുകയാണ്. നിരവധി പേർ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായി. ഈ സന്ദർഭത്തിലാണ് കെജ്രിവാൾ വികാരാധീനനായി പ്രധാനമന്ത്രിയോട് സംസാരിച്ചത്.
ഡൽഹിയിൽ വലിയ തോതിലുള്ള ഓക്സിജൻ ക്ഷാമമുണ്ട്. ഡൽഹിയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്ലെങ്കിൽ ഇവിടെയുള്ളവർക്ക് ഓക്സിജൻ ലഭിക്കില്ലേയെന്ന് അരവിന്ദ് കെജ്രിവാൾ ചോദിച്ചു. ഓക്സിജന്റെ അഭാവം മൂലം ഡൽഹിയിലെ ആശുപത്രിയിലെ ഒരു രോഗി മരിക്കാൻ കിടക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടെതെന്ന് ദയവായി നിർദേശിക്കുക. ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾക്കാകില്ല. കർശന നടപടിയെടുക്കാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. അല്ലാത്ത പക്ഷം വലിയ ദുരന്തമാണ് ഡൽഹിയിൽ സംഭവിക്കാൻ പോകുന്നതെന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ട്രക്കുകൾ തടഞ്ഞതായും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ട്രക്കുകൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഓക്സിജൻ കിട്ടാൻ സഹായിക്കണം. മുഖ്യമന്ത്രിയായിരുന്നിട്ടും തനിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും രാത്രി ഉറങ്ങാനാകുന്നില്ലെന്നും എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ദയവായി ക്ഷമിക്കണമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ALSO READ: Maharashtra സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ
ഒഡീഷയിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും ഡൽഹിയിലേക്ക് വരാനിക്കുന്ന ഓക്സിജൻ ടാങ്കറുകൾ ഉടൻ എത്തിക്കണം. ഓക്സിജൻ പ്ലാന്റുകൾ സൈന്യം ഏറ്റെടുക്കണമെന്നും കെജ്രിവാൾ നിർദേശിച്ചു. എല്ലാ ഓക്സിജൻ പ്ലാന്റുകളും സൈന്യം വഴി കേന്ദ്രം ഏറ്റെടുക്കണം. ഓരോ ട്രക്കിനും ഒപ്പം സൈനികരും ഉണ്ടാകണം. കൊവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേ വില നിശ്ചയിക്കണമെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...