ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ദേശീയ ദിനപത്രം ട്രിബ്യൂണിലെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആധാര്‍ അതോറിറ്റിയാണ് റിപ്പോര്‍ട്ടര്‍ രചന ഖൈരയ്ക്കെതിരെ കേസ് നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ഞൂറ് രൂപ പേടിഎം വഴി നല്‍കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താവുന്ന ലിങ്ക് കൈമാറ്റം ചെയ്യപ്പെട്ടെന്നായിരുന്നു രചന ഖൈര റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബിലെ ജലന്തര്‍ കേന്ദ്രമായ അജ്ഞാത വാട്ട്സാപ്പ് സംഘം വഴിയാണ് ആധാര്‍ വിവരശേഖരം വെളിപ്പെട്ടതാണ് വാര്‍ത്തയില്‍ ഉള്ളത്. വാര്‍ത്തയ്ക്കായി റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ട ആളുകള്‍ക്കെതിരെയും കേസുണ്ട്. 


വഞ്ചന, ആള്‍മാറാട്ടം എന്നിവക്ക് ഐ പി സി 419, 420, 468, 471 തുടങ്ങിയ വകുപ്പുകളും ഐ.ടി നിയമത്തിലെ 66-ാം വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


ട്രിബ്യൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് ആധാര്‍ അതോറിറ്റിയുടെ നിലപാട്. വസ്തുതകള്‍ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആധാര്‍ അതോറിറ്റി ആരോപിക്കുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് അതോറിറ്റി ആവര്‍ത്തിച്ചു.