ശ്രീനഗര്‍: ജമ്മു കശ്മിരിലെ ഗാന്ദെര്‍ബാല്‍ ബന്ദിപ്പോര ജില്ലകളിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനിക ഓഫീസറും ഒരു കുടുംബത്തിലെ നാല് പേരും മരിച്ചു. ആറു സൈനികരെ കാണാതായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോനാമാര്‍ഗില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ആര്‍മി ക്യാംപിന് നേരെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മരിച്ച സൈനികന്‍റെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്​. 


കശ്മീരില്‍ അതിര്‍ത്തി രേഖയ്ക്ക് സമീപം ഗുരെസ് സെക്ടറിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. വീടിന് പുറത്തേക്ക് മഞ്ഞിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മെഹ്‌രാജുദീന്‍ ലോണ്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. അപടകത്തില്‍ 55കാരനായ ലോണ്‍, ഭാര്യ അസിസീ (50), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷന്‍ (19) എന്നിവരാണ് മരിച്ചത്.


മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 11 സൈനികരാണ് കൊല്ലപ്പെട്ടത്.