ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അര്‍ദ്ധരാത്രിവരെ നീണ്ടിട്ടും തീരുമാനമില്ലാതെ പിരിഞ്ഞു. ഇന്ന് വൈകിട്ട് ആറു മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തി ഒരു തീരുമാനം ഉണ്ടാക്കണമെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ്‌ കുമാര്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിന്‍മേല്‍ ചർച്ച പൂർത്തിയാകണം. ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ അറിയിച്ചു.


എന്നാല്‍ ഇന്നലെ അർധരാത്രിയില്‍ തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന ബിജെപിയുടെ ആവശ്യം കോൺഗ്രസ് ശക്തമായി തള്ളി. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു. 


വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. 


എന്നാല്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് സ്പീക്കർ കെ.ആർ.രമേശ് കുമാർ സഭയിൽ അപേക്ഷിച്ചു. ഇതിനിടെ താൻ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകൾ പ്രചരിക്കുകയാണെന്നും, എന്നാൽ ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയിൽ പറഞ്ഞു. 


വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങൾ മാറിയെന്നും കുമാരസ്വാമി പറഞ്ഞു. ഇതിനിടെ പല തവണ സഭയിൽ ബഹളമായി. 


സഭ താൽക്കാലികമായി നിർത്തി വച്ചപ്പോൾ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും, സിദ്ധരാമയ്യയും കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ഒരു തീരുമാനം എടുക്കാതെ തന്നെ ബലിയാടാക്കാനാണ് ഭാവമെങ്കില്‍ താന്‍ രാജി വയ്ക്കുമെന്ന് സ്പീക്കർ ചർച്ചയിൽ മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് സൂചന.   


ഇതിനിടെ വിമത എംഎൽഎമാരെ അയോഗ്യരാക്കുമെന്ന്‍ സ്പീക്കർ പരോക്ഷമായി മുന്നറിയിപ്പു നല്‍കുകയും എല്ലാവരോടും തന്നെ വന്ന് കാണാൻ നോട്ടീസയക്കുകയും ചെയ്തു. അയോഗ്യത സംബന്ധിച്ച് കോൺഗ്രസ് നൽകിയ നോട്ടീസിൽ വിശദീകരണം നൽകാൻ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വന്ന് കാണണമെന്നാണ് നോട്ടീസ്. 


എന്നാൽ 15 ദിവസമെങ്കിലും തങ്ങള്‍ക്ക് സമയം നൽകണമെന്ന് ചില വിമതർ സ്പീക്കറോട് അപേക്ഷിച്ചുവെന്നാണ് സൂചന. എന്നാൽ ചൊവ്വാഴ്ച തന്നെ വന്ന് കണ്ടേ തീരൂവെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നത്. ഇല്ലെങ്കിൽ എംഎൽഎമാർ അയോഗ്യരാകും. 


കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് വിപ്പ് ലംഘിച്ചെന്ന് സ്പീക്കർ കണ്ടെത്തി അയോഗ്യരാക്കിയാൽ അത് മിക്ക വിമത എംഎൽഎമാരുടെയും രാഷ്ട്രീയ ഭാവിയുടെ അന്ത്യമാകും. മാത്രമല്ല അടുത്ത ആറ് വർഷത്തേക്ക് മത്സരിക്കാനാകില്ല. 


അധികാരത്തിൽ നിന്ന് താഴെപ്പോയാൽ വിമതരെ അയോഗ്യരാക്കിയിട്ടേ പോകൂ എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. എന്തായാലും ഇന്നറിയാം നാളെ അറിയാം എന്നൊക്കെ പറഞ്ഞ് നീങ്ങുന്ന കര്‍ണാടകയുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന് കാത്തിരുന്നു കാണാം.