ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസങ്ങള്‍ക്കിടെ ജമ്മുകാശ്മീരില്‍ സുരക്ഷാ സേന വധിച്ചത് 101 ഭീകരരെ. മെയ് 31 വരെയുള്ള കണക്കുകളാണ് സേന പുറത്തു വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട 101 പേരില്‍ 23 പേര്‍ വിദേശികളും 78 പേര്‍  പ്രാദേശിക ഭീകരവാദികളുമാണ്. കഴിഞ്ഞ മാര്‍ച്ചു മുതല്‍ 50 യുവാക്കള്‍ വിവിധ ഭീകരവാദ കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരെ റിക്രൂട്ട് ചെയ്യുന്നവരെ കണ്ടെത്തുകയാണ് സേനയുടെ ഇപ്പോഴത്തെ ലക്ഷ്യം.


കശ്മീരിലെ പുല്‍വാമ, കുല്‍ഗ്രം, ഷോപ്പിയാന്‍, അനന്ത്നാഗ് എന്നീ നാല് ജില്ലകളിലാണ്‌ സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടികള്‍ കൂടുതലായും കേന്ദ്രീകരിച്ചിരുന്നത്. 2016-ല്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതിനു പിന്നാലെ ഈ നാലു ജില്ലകളിലേക്ക് കൂടുതലായി ഭീകരരെ റിക്രൂട്ട് ചെയ്തതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.


2017 ല്‍ 57 ഭീകരരെയാണ് സൈന്യം വധിച്ചിരുന്നതെങ്കില്‍ 2018 ആയപ്പോഴേക്കും അത് 70 ആയി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ഭീകരവിരുദ്ധ നടപടികള്‍ സേന കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയിരുന്നു.


ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത് ഷോപ്പിയാനിലാണ്. 16 പ്രാദേശിക ഭീകരവാദികളുള്‍പ്പെടെ 25 പേരാണ് ഇവിടെ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ അവന്തിപ്പുരയില്‍ 14 പേരും കുല്‍ഗാമില്‍ 12 പേരും സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.


അതേസമയം പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്നതുള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളിലും ഭീകരരുമായുള്ള ഏറ്റുമുട്ടലുകളിലും 61 സൈനികരാണ് വീരമൃത്യു വരിച്ചിട്ടുള്ളത്.


കശ്മീരില്‍ ഭീകരവാദം ഇല്ലാതാക്കാനുള്ള പുതിയ വഴികള്‍ തേടുകയാണ് സേന ഇപ്പോള്‍ ഇതിന്‍റെ ഭാഗമായി യുവാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കാനാണ് ആലോചിക്കുന്നത്.