ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി സഹമന്ത്രി എംജെ അക്ബറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ പരാതിയുമായി വിദേശമാധ്യമപ്രവര്‍ത്തകയും എത്തിയിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമപ്രവര്‍ത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എം ജെ അക്ബര്‍ ഉപദ്രവിച്ചെന്ന പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയാണ്. ഡല്‍ഹിയില്‍ ഇന്‍റേൺഷിപ്പ് ചെയ്യുന്നതിനിടെ ഉപദ്രവിച്ചതായാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. അക്ബറിന്‍റെ ഓഫീസില്‍ ഇന്‍റേൺഷിപ്പ് ചെയ്തപ്പോഴായിരുന്നു സംഭവമെന്ന് അവര്‍ പറയുന്നു. 


ഇതിനോടകം ഏഴ് മാധ്യമപ്രവര്‍ത്തകരാണ് എംജെ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന പീഡനാനുഭവങ്ങള്‍ അക്ബറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയെ നിര്‍ബ്ബന്ധിതമാക്കുകയാണ്. കൂടാതെ, പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാക്കളും ഈ വിഷയത്തില്‍ നേതാവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. 


അതേസമയം, വിദേശപര്യടനം നടത്തുന്ന എം ജെ അക്ബര്‍ ഇന്ന് മടങ്ങിയെത്തുമെന്നാണ് സൂചന. കൂടാതെ, പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മന്ത്രിയില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 


എന്തായാലും ഇത്രമാത്രം ആരോപണം ഉയര്‍ന്ന നിലയ്ക്ക് അക്ബറിന്‍റെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തില്‍തന്നെ.