Parkash Singh Badal Passed Away: പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു
ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവ് കൂടിയായിരുന്നു പ്രകാശ് സിങ് ബാദൽ. 5 തവണ അദ്ദേഹം മുഖ്യമന്ത്രിയായിട്ടുണ്ട്.
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായിരുന്ന പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ചയാണ് അദ്ദേഹത്തെ ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8.28നായിരുന്നു അന്ത്യം.
പ്രകാശ് സിങ് അഞ്ചുതവണ മുഖ്യമന്ത്രിയായിരുന്നു. 1927 ഡിസംബർ എട്ടിന് പഞ്ചാബിലെ അബുൽ ഖുറാനയിലെ ജാട്ട് സിഖ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പ്രകാശ് സിങ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 1957ലാണ്. 1970–71, 1977–80, 1997–2002, 2007–2012, 2012–2017 എന്നീ വർഷങ്ങളിലായി അഞ്ച് തവണ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 1972, 1982, 2002 എന്നീ വർഷങ്ങളിൽ പഞ്ചാബിലെ പ്രതിപക്ഷ നേതാവായിരുന്നു. കേന്ദ്രത്തിലും മന്ത്രിപദവി വഹിച്ചിട്ടുണ്ട്.
പ്രകാശ് സിങ്ങിന്റെ ഭാര്യ സുരീന്ദർ കൗർ നേരത്തേ മരിച്ചിരുന്നു. ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ മകനാണ്. സംസ്കാരം നടത്തുക ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിലായിരിക്കും. മൊഹാലിയിൽ നിന്ന് നാളെ രാവിലെ ബാദൽ ഗ്രാമത്തിലേക്ക് ഭൗതികദേഹം കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...