Juhu Beach: ജുഹു ബീച്ചിൽ നാല് ആൺകുട്ടികളെ കാണാതായി; രണ്ട് മൃതദേഹങ്ങൾ ലഭിച്ചു, കാണാതായവർക്കായി തിരച്ചിൽ
Cyclone Biparjoy: തിങ്കളാഴ്ച വൈകുന്നേരമാണ് ജുഹു കോളിവാഡയിൽ നിന്ന് നാല് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ കടലിൽ കാണാതായത്.
മുംബൈ: തിങ്കളാഴ്ച മുംബൈയിലെ ജുഹു കടലിൽ കാണാതായ നാല് ആൺകുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ബിഎംസി ഡിസാസ്റ്റർ കൺട്രോൾ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ജുഹു കോളിവാഡയിൽ നിന്ന് നാല് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ കടലിൽ കാണാതായത്.
ധർമേഷ് വാൽജി ഫൗജിയ (16) ശുഭം യോഗേഷ് ഭോഗ്നി (15) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പന്ത്രണ്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള അഞ്ച് സുഹൃത്തുക്കളുടെ സംഘമാണ് ബീച്ചിൽ എത്തിയത്. മനീഷ് യോഗേഷ് ഭോഗാനിയ (12), ജയ് റോഷൻ തജ്ബാരിയ (15) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
അഞ്ച് കുട്ടികളിൽ ഒരു കുട്ടിയെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ALSO READ: Cyclone Biparjoy: ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്ത് തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
മുംബൈ പോലീസും ബിഎംസിയുടെ അഗ്നിശമന സേനയും സ്പീഡ് ബോട്ടുകളും ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്ററും ചേർന്ന് തിങ്കളാഴ്ച അർദ്ധരാത്രി വരെ കടലിൽ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച മുതൽ സ്കൂൾ വീണ്ടും തുറക്കുകയാണ്. ഇതിന് മുൻപായി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജുഹുവിലേക്ക് പിക്നിക്കിന് പോയ എട്ട് സ്കൂൾ വിദ്യാർഥികളുടെ സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്.
അഞ്ച് പേർ മുന്നറിയിപ്പുകൾ അവഗണിച്ച് മത്സ്യബന്ധന ജെട്ടിയിലേക്ക് പോയി. അവിടെ നിന്ന് ശക്തമായ തിരമാലകളിൽ അവർ ഒഴുകിപ്പോകുകയായിരുന്നു. ജൂൺ പതിനഞ്ചിന് ഗുജറാത്ത് തീരത്ത് ബിപോർജോയ് ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് ജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...