ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബെംഗളൂരു രാജരാജേശ്വരി നഗറിലെ ഗൗരി ലങ്കേഷിന്‍റെ വീട്ടില്‍ നിന്ന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഗൗരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബെംഗളൂരു രബീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വെക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടകത്തിലെ  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു രാജ രാജേശ്വരി നഗറിലെ വീട്ടില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. മൂന്നുപേര്‍ രണ്ട് ബൈക്കുകളിലായിയെത്തി കൃത്യം നടത്തിയതായാണ് പോലീസിനു കിട്ടിയ മൊഴികളില്‍ നിന്നും വ്യകതമാക്കുന്നത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടയില്‍ ഗൗരി ലങ്കേഷിന്‍റെ കൊലപാതകിയെ ഉടന്‍പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.


കന്നഡ യുക്തിവാദിയും സാഹിത്യകാരനുമായിരുന്ന എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയുമ്പോഴാണ് തീവ്രഹിന്ദു രാഷ്ട്രീയത്തിന്‍റെ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷ് പത്രിക എന്ന സ്വന്തം വാരികയുടെ ഓഫീസില്‍ നിന്നും രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറില്‍ നിന്നിറങ്ങി വീടിന്‍റെ ഗേറ്റ് തുറക്കുമ്പോഴാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്.